ന്യൂദല്‍ഹി: ഭാരതീയ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരാണ് മലയാളി സമൂഹമെന്നും യഥാര്‍ത്ഥ സനാതന ഭാരതത്തിന്റെ മനസ്സ് കേരളമടക്കമുള്ള ദക്ഷിണഭാരത സംസ്ഥാനങ്ങളിലാണ് ശക്തമായുള്ളതെന്നും കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ക്ക് ദേശസ്നേഹം കുറവാണെന്ന തോന്നല്‍ ആര്‍ക്കും വേണ്ടതില്ല. ദേശസ്നേഹത്തിന് വടക്കെന്നോ തെക്കെന്നോ വത്യാസമില്ല.
ഹൈന്ദവ വിശ്വാസങ്ങളില്‍ കൂടുതല്‍ ആഴത്തിലുള്ള വൈകാരിക ഭാവം ദക്ഷിണഭാരതത്തിലെ ജനങ്ങള്‍ക്കാണ്. തനിക്ക് സനാതനം എന്നത് അക്കാദമിക് പഠന വിഷയമല്ലെന്നും സ്വന്തം പാരമ്പര്യം തന്നെയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരൊക്കെ വിഭജിക്കാന്‍ പരിശ്രമിച്ചാലും ഭാരതം എക്കാലവും ഭാരതമായി തന്നെ തുടരുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. പൗരാണിക കാലം മുതല്‍ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളുമായി കേരളത്തിന് ശക്തമായ സാംസ്‌ക്കാരിക ബന്ധമുണ്ട്. ആയിരം കൊല്ലം പഴക്കമുള്ള മലയാള കാവ്യങ്ങളില്‍ വരെ അഖണ്ഡ ഭാരത സങ്കല്‍പ്പം ശക്തമായി അവതരിപ്പിക്കുന്നു.
ഭഗവാന്‍ ശ്രീരാമന്‍ വടക്കിനെയും തെക്കിനേയും ബന്ധിപ്പിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പടിഞ്ഞാറിനെയും കിഴക്കിനെയും ചേര്‍ത്തിണക്കുന്നു. ഭാരതത്തെ മുഴുവനും യോജിപ്പിക്കുന്നത് ഭഗവാന്‍ ശിവനാണ്. ഇതാണ് നമ്മുടെ സങ്കല്‍പ്പമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു.
തമിഴ്നാട് പോലെ ഹിന്ദുമതത്തെ ഇത്ര ആഴത്തില്‍ സ്വീകരിച്ച മറ്റൊരു സംസ്ഥാനമുണ്ടാവില്ലെന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് പറഞ്ഞു. വടക്കും തെക്കും തമ്മില്‍ വത്യാസങ്ങളുണ്ടെന്ന ചിന്തകള്‍ രാഷ്‌ട്രീയ നേട്ടത്തിനായി ചിലര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും ഇടതുപക്ഷക്കാരാണ് യഥാര്‍ത്ഥ മനുവാദികളെന്നും ജെഎന്‍യു വി.സി പറഞ്ഞു.
കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി, ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്ല കേത്കര്‍, കേസരി എഡിറ്റര്‍ എന്‍.ആര്‍. മധു, എ.എസ്.ജി അഡ്വ. മോണിക്ക അറോറ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post