ഭുവനേശ്വര്‍: മാതൃഭാഷയെ ജീവിത ഭാഷയാക്കാന്‍ സമാജം സ്വയം തയാറാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് ഭാഷ. സ്വന്തം ഭാഷയിലൂടെ സംവദിക്കാനായില്ലെങ്കില്‍ ഹൃദയബന്ധം സുദൃഢമാകില്ല. ഹൃദയബന്ധത്തിലൂടെയല്ലാതെ രാഷ്ട്രത്തിന്റെ തനിമയെ എല്ലാവരിലും ഫലപ്രദമായി ഉണര്‍ത്താനുമാവില്ല, സര്‍സംഘചാലക് പറഞ്ഞു. അഖിലഭാരതീയ സാഹിത്യ പരിഷത്ത് ഭുവനേശ്വറില്‍ സംഘടിപ്പിച്ച സര്‍വ ഭാഷാ സമാദരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം എഴുത്തുകാരന്റെ ആത്മസംതൃപ്തിക്ക് വേണ്ടി മാത്രമാകരുത്. അത് സമാജത്തിന് ഉപകാരപ്രദവും ഉന്മേഷം നല്കുന്നതുമാകണം. ഭാഷയെ ആദരിക്കുന്നത് അതിന്റെ ശരിയായ ഉപയോഗത്തിലൂടെയാകണം. പാരിതോഷികങ്ങളും ബഹുമതികളും വഴി ഭാഷ പുരോഗമിക്കില്ല. ഭാരതത്തിന്റെ ജീവിതദര്‍ശനം എന്നത് ലോകഹിതമാണ്. ലോകം അതുകൊണ്ടാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്.
ധര്‍മ്മമാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ ധര്‍മ്മം എന്നത് ആരാധനാരീതി മാത്രമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. വ്യത്യസ്തമായ ആരാധനാ രീതികള്‍ ഉണ്ടാകാം, എന്നാല്‍ ധര്‍മ്മമെന്നത് സനാതനവും സത്യവുമാണ്. ധര്‍മ്മചിന്ത ഉള്ളതുകൊണ്ടാണ് മനുഷ്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ച് ചിന്തിക്കുന്നത്. അതില്ലായിരുന്നെങ്കില്‍ ഉണ്ടും ഉറങ്ങിയും ഇണചേര്‍ന്നും കഴിയുന്ന മൃഗങ്ങളെപ്പോലെ തന്നെയാകുമായിരുന്നു മനുഷ്യന്റെ ജീവിതവും, മോഹന്‍ ഭാഗവത് പറഞ്ഞു. ഏകത്വത്തില്‍ വൈവിധ്യമെന്നതല്ല വൈവിധ്യത്തിലെ ഏകതയാണ് നമ്മുടെ സവിശേഷത. സത്യം ഒന്നാണ്. അതിനെ വിവിധ രൂപത്തില്‍ ആവിഷ്‌കരിക്കുന്നു. ഇത് മനസിലാക്കുന്നതില്‍ പലര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മുടെ സമാജത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നത് ധര്‍മ്മമാണ്. സമൂഹത്തെയും പരിസ്ഥിതിയെയും ചേര്‍ത്തുനിര്‍ത്തുന്ന ഘടകമാണ് അത്. എന്നാല്‍ ഭാരതീയതയെ ശരിക്ക് മനസിലാക്കാത്തവര്‍ ഇതൊരു ആരാധനാക്രമം മാത്രമായി പ്രചരിപ്പിക്കുകയാണ്. അത്തരം ധാരണകള്‍ പൂര്‍ണമായി തിരുത്തണം. ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷതകളെക്കുറിച്ച് ജനങ്ങളിലുള്ള ആശയക്കുഴപ്പം നീക്കുന്നതിലും സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും സാഹിത്യലോകത്തിന് നിര്‍ണായകമായ ഉത്തരവാദിത്തമുണ്ട്, സര്‍സംഘചാലക് പറഞ്ഞു.
ഒഡീഷ ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും എഴുത്തുകാരനുമായ ഡോ. ധരണീധര്‍ നാഥ് അധ്യക്ഷത വഹിച്ചു. വിവിധ ഭാഷകളിലെ പ്രമുഖരായ 14 എഴുത്തുകാരെ സര്‍സംഘചാലക് ആദരിച്ചു. സാഹിത്യ പരിഷത്ത് ദേശീയ അധ്യക്ഷന്‍ സുശീല്‍ ചന്ദ്ര ദ്വിവേദി പങ്കെടുത്തു.
Discussion about this post