ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരേ നിര്‍ണായക തെളിവുകള്‍ പുറത്ത്. എക്സാലോജിക് കമ്പനി മരവിപ്പിക്കാന്‍ വീണ അധികൃതരെ തെറ്റിദ്ധരിപ്പിച്ചെന്നും രേഖകളില്‍ കൃത്രിമം കാണിച്ചെന്നും ബെംഗളൂരു രജിസ്ട്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) റിപ്പോര്‍ട്ട്.
എക്സാലോജിക് നല്കിയ അപേക്ഷയിലും സത്യവാങ്മൂലത്തിലുമാണ് ക്രമക്കേടു കാണിച്ചത്. ഒരു കമ്പനി മരവിപ്പിക്കാനുള്ള മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് അപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിച്ചു. രണ്ടു വര്‍ഷം ഇടപാടൊന്നുമില്ലാത്ത കമ്പനികള്‍ക്കേ മരവിപ്പിക്കല്‍ അപേക്ഷ കൊടുക്കാനാകൂ. എന്നാല്‍, ഇതു മറച്ചുവച്ചു. മരവിപ്പിക്കലിന് 2022ലാണ് അപേക്ഷിച്ചിരുന്നത്. അപ്പോഴും കമ്പനി വഴി ഇടപാടുകളുണ്ടായിരുന്നു. അവയില്‍ പലതിലും നികുതിയടച്ചില്ല. ചിലതു തീര്‍ത്തില്ല.
കമ്പനി മരവിപ്പിക്കുന്നത് മറ്റുപല തട്ടിപ്പുകളും മറയ്‌ക്കാനാണെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്നതാണ് ആര്‍ഒസിയുടെ പുതിയ റിപ്പോര്‍ട്ട്. കമ്പനിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വീണ്ടും പരിശോധിക്കണം, വീണയെ പ്രോസിക്യൂട്ട് ചെയ്യണം, റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
2021ല്‍ കമ്പനീസ് ആക്ട് പ്രകാരം കമ്പനി ഡയറക്ടര്‍ക്കടക്കം നോട്ടീസ് കിട്ടിയത് എക്സാലോജിക് മറച്ചുവച്ചു. ആദായ നികുതിയായി 42,38,038 രൂപയും പലിശയും എക്സാലോജിക് അടയ്‌ക്കാനുണ്ടായിരുന്നു. ഇതെല്ലാം മൂടിവച്ച് കമ്പനി ആര്‍ഒസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നു കാണിച്ചാണ് വീണ സാക്ഷ്യപത്രം ഹാജരാക്കിയത്. 2022 നവംബറില്‍ കമ്പനി മരവിപ്പിച്ച ശേഷം സമര്‍പ്പിക്കേണ്ട എംഎസ് സി-3 രേഖയും ഹാജരാക്കിയില്ല. രേഖകള്‍ കെട്ടിച്ചമച്ചതിനും തെറ്റിദ്ധരിപ്പിച്ചതിനും തടവും പിഴയും കിട്ടാവുന്ന 447, 448, 449 വകുപ്പുകള്‍ എക്സാലോജിക്കിനും വീണയ്‌ക്കുമെതിരേ ചുമത്തണം. വീണയുടെയും കമ്പനിയുടെയും രേഖകള്‍ സാക്ഷ്യപ്പെടുത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കന്തസ്വാമി ത്യാഗരാജു ഇളയരാജയെ പ്രോസിക്യൂട്ട് ചെയ്യണം, റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ശശിധരന്‍ കര്‍ത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആര്‍എല്ലില്‍ നിന്നു പണം കൈപ്പറ്റിയതു സംബന്ധിച്ച് കൃത്യമായ രേഖ വീണ ഹാജരാക്കിയില്ല. പണത്തിനു ജിഎസ്ടിയടച്ചെന്നു മാത്രമാണ് എക്സാലോജിക് ആര്‍ഒസിയെ അറിയിച്ചത്. രേഖകളില്‍ കൃത്രിമം കണ്ടതിനാല്‍ കമ്പനി മരവിപ്പിച്ചത് പിന്‍വലിക്കാന്‍ നിര്‍ദേശമുണ്ട്.
Discussion about this post