അയോദ്ധ്യ : അയോദ്ധ്യയിലെ ശ്രീ രാമ വിഗ്രഹത്തിന്റെ ചിത്രം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിടാനാണ് തീരുമാനിച്ചിരുന്നത്്. അതിനു മുന്നേ ഈ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും സത്യേന്ദ്രദാസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദേശീയ മാധ്യമങ്ങളിലൂടെ അയോദ്ധ്യ ശ്രീരാമ വിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നിലവില്‍ ചിത്രത്തിന്റെ കണ്ണും മാറും മറച്ച നിലയിലാണ്. ചിത്രം പുറത്ത് വിട്ടിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റും, വിശ്വഹിന്ദു പരിഷത്തും പറയുന്നുണ്ട്്. അതുകൊണ്ടുതന്നെ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ ദുരൂഹതയുണ്ട്, വിഷയത്തില്‍ അന്വേഷണം വേണമെന്നും സത്യേന്ദ്രദാസ് അറിയിച്ചു.
മൈസൂരു സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജാണ് രാം ലല്ല വിഗ്രഹം നിര്‍മിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് അയോധ്യക്ഷേത്രട്രസ്റ്റ് വിഗ്രഹം നിര്‍മിക്കുന്നതിനായി അരുണിനെ സമീപിക്കുന്നത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് ഏറെ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം പൂര്‍ത്തിയായത്.
അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അധിവാസ, കലശപൂജകള്‍ ഇന്നും നടക്കും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നാളെ പത്തരയോടെ അയോധ്യയിലെത്തും.
Discussion about this post