അയോദ്ധ്യ: ശ്രീരാമക്ഷേത്രസമര്‍പ്പണത്തിനും ബാലകരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കും പിന്നാലെ അയോദ്ധ്യ മുഹമ്മദ് ബിന്‍ അബ്ദുല്ല മസ്ജിദിന്റെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഏപ്രിലില്‍ മസ്ജിദിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് മസ്ജിദ് ഡെവലപ്മെന്റ് കമ്മിറ്റി മേധാവിയും ഇന്‍ഡോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) അംഗവുമായ ഹാജി അറഫാത്ത് ഷെയ്ഖ് അറിയിച്ചു. മസ്ജിദിന്റെ ഏറ്റവും പുതിയ രൂപരേഖയും അദ്ദേഹം പങ്കുവച്ചു. ദുബായ്‌യില്‍ ഉള്ളതിനേക്കാള്‍ വലിയ അഞ്ച് മിനാരങ്ങളും അക്വേറിയവും ഉള്ള ഭാരതത്തിലെ ആദ്യത്തെ പള്ളിയാകുമിത്.
അയോദ്ധ്യയിലെ ധനിപൂര്‍ ഗ്രാമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്താണ് പള്ളി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ച ട്രസ്റ്റാണ് ഐഐസിഎഫ്.സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെതന്നെ 2019 നവംബറില്‍ പള്ളി നിര്‍മ്മാണ് അഞ്ചേക്കര്‍ ഭൂമി സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. മസ്ജിദ് നിര്‍മ്മാണം ഒരു ബൃഹത്തായ പദ്ധതിയാണ്. 25 കോടി മുസ്ലീങ്ങളില്‍ നിന്ന് വിശുദ്ധ മസ്ജിദ് നിര്‍മ്മിക്കാനുള്ള ദൗത്യത്തിനായി എന്നെ തെരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു, ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു. ഇസ്ലാമിക നിര്‍മ്മിതികളില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നതാകും ഇത്. ലോകത്തിലെ ഏറ്റവും മനോഹരമായ പള്ളികളില്‍ ഒന്നായി ഇതിനെ വികസിപ്പിക്കും. സ്വാഭാവികമായും അത്തരം പദ്ധതികള്‍ക്ക് സമയമെടുക്കുമെന്ന് ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു.
Discussion about this post