ദിബ്രുഗഡ്(ആസാം): ഭൂമിയില്‍ സ്ത്രീകളില്‍ ദൈവികത അംഗീകരിച്ചിട്ടുള്ളത് പുരാതന തദ്ദേശീയ പാരമ്പര്യങ്ങള്‍ മാത്രമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബ മൂല്യങ്ങള്‍ക്കും സുസ്ഥിര ജീവിതത്തിനും ഈ പാരമ്പര്യങ്ങള്‍ ഊന്നല്‍ നല്‍കുന്നു. പ്രകൃതിയോടുള്ള പ്രതിബദ്ധതയും അറിവും സഹകരണാത്മക ഭരണവും സ്ഥിരസമൃദ്ധിയിലേക്ക് നാടിനെ നയിക്കും. സമൃദ്ധി എല്ലാവര്‍ക്കുമായി പങ്കിടണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. സുസ്ഥിരസമൃദ്ധിയുടെ പങ്കിടല്‍ എന്ന വിഷയം പ്രമേയമാക്കി നാല് ദിവസമായി ദിബ്രുഗഡില്‍ തുടരുന്ന പുരാതന പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമത്തില്‍ സമാപനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൃദ്ധി എന്നത് ചൂഷണത്തിലൂടെയല്ല, ത്യാഗത്തിലൂടെയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രമഥനത്തിലൂടെയാണ് ഐശ്വര്യവും അമൃതും ഉയര്‍ന്നുവന്നത്. മഥനം കൂടാതെ സുസ്ഥിരമായ സമൃദ്ധി ലഭിക്കില്ല. ലോകമെമ്പാടുമുള്ള പുരാതന പാരമ്പര്യങ്ങള്‍ ഊന്നിയത് സര്‍വജീവജാലങ്ങളുടെയും സമൃദ്ധിയിലാണ്. ആത്മീയതയും തപസുമാണ് അത് സാധ്യമാക്കുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മാവ് ആത്മീയതയാണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
തദ്ദേശീയ പാരമ്പര്യവും സംസ്‌കാരവും മ്യൂസിയങ്ങള്‍ അലങ്കരിക്കാനുള്ളവയല്ല. പുരാതന അറിവുകളും വിശ്വാസ സമ്പ്രദായങ്ങളും ഭൂമിയിലെ തുടര്‍ച്ചയായ ജീവിതത്തിന്റെ പാരമ്പര്യങ്ങളാണ്. ഈ പാരമ്പര്യങ്ങള്‍ അരികുകളില്‍ നില്‍ക്കേണ്ടതല്ല, സാമൂഹിക വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് ഇവ കടന്നുവരണം. വ്യക്തിപരവും സാമൂഹികവുമായ ജീവിതശൈലിയില്‍ തദ്ദേശീയ സംസ്‌കാരങ്ങളുടെ അനുഷ്ഠാനങ്ങളുണ്ടാവണം. ഈ മൂല്യങ്ങള്‍ അടുത്ത തലമുറയ്ക്ക് കൈമാറണം.പുരോഗതിയും ഭൗതിക വികസനവും മെച്ചപ്പെടുത്തുന്നതിന് ഓരോ സമൂഹവും തനിമയുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥമാവണം. നൂറ് കൈകൊണ്ട് സമ്പാദിക്കുകയും ആയിരം കൈകൊണ്ട് വിതരണം ചെയ്യുകയും വേണം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. എന്ത് സമ്പാദിച്ചാലും പതിന്മടങ്ങ് വിതരണം ചെയ്യണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് (ഐസിസിഎസ്) സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തിന്റെ സമാപനവേദിയില്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിന്‍ എന്നിവരും പങ്കെടുത്തു. മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്ന് 125 വിദേശ പ്രതിനിധികള്‍ പുരാതന പരമ്പരാഗത അറിവുകളെ സംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇവരെ കൂടാതെ ഭാരതത്തിനകത്തും പുറത്തും നിന്നുള്ള നാനൂറ് പ്രതിനിധികള്‍ പങ്കെടുത്തു.
Discussion about this post