ദിബ്രുഗഡ്: പാരമ്പര്യങ്ങളും പാരിസ്ഥിതിക പരിജ്ഞാനവും സഹകരണ ഭരണവും പുനരുജ്ജീവിപ്പിക്കുക എന്ന പ്രഖ്യനവുമായി ആസാമിലെ ദിബ്രുഗഡില്‍ സംഘടിപ്പിച്ച പുരാതന പാരമ്പര്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും എട്ടാമത് അന്താരാഷ്ട്രസമ്മേളനത്തിന് സമാപനം. ലോകമെമ്പാടുമുള്ള ഗോത്രസമൂഹങ്ങളുടെയടക്കം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഒത്തുചേര്‍ന്നു. സുസ്ഥിര സമൃദ്ധിയുടെ പങ്കിടല്‍ എന്ന പ്രമേയത്തിലൂന്നിയുള്ള സമ്മേളനത്തിന്റെ നയരേഖ അമേരിക്കയിലെ തദ്ദേശീയ ഗോത്രമായ യോറൂബയുടെ പ്രതിനിധി വായിച്ചു.
ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു സമാപനസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ പാഠ്യപദ്ധതിയുടെ പ്രാദേശികവല്‍ക്കരണം, നാടോടിക്കഥകളുടെ ഡിജിറ്റലൈസേഷന്‍, ഗോത്ര പൂജാ സമ്പ്രദായം പുനരുജ്ജീവിപ്പിച്ച് സാംസ്‌കാരിക പാരമ്പര്യങ്ങളുടെ സംരക്ഷണം എന്നിവ സംസ്ഥാനസര്‍ക്കാര്‍തന്നെ പ്രധാന പരിഗണന നല്കിയാണ് നടപ്പാക്കുന്നത്. അരുണാചല്‍ പ്രദേശില്‍ 26 ഗോത്രങ്ങളുണ്ടെന്നും നൂറ്റാണ്ടുകളായി സഹകരണത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുരാതന പാരമ്പര്യങ്ങള്‍ അരുണാചല്‍ പ്രദേശിന്റെ ജീവിക്കുന്ന വിജ്ഞാനകോശമാണ്. ഇറ്റാനഗറില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് ‘ഡോണി പോളോ എയര്‍പോര്‍ട്ട്’ എന്ന് പേരിട്ടു. പ്രാദേശിക വിശ്വാസമനുസരിച്ച്, അരുണാചല്‍ പ്രദേശില്‍ ഡോണി സൂര്യനും പോളോ ചന്ദ്രനുമാണ്. തദ്ദേശീയ ഗോത്ര പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗോത്രപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മൂവായിരം പൂജാരിമാര്‍ക്ക് പ്രതിമാസ ഓണറേറിയം നല്‍കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നുണ്ട്. അരുണാചല്‍ പ്രദേശിന് ഇതിനകം 12 ഉത്പന്നങ്ങള്‍ക്ക് ജിഐ ടാഗുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പേമ ഖണ്ഡു പറഞ്ഞു.
Discussion about this post