ന്യൂദൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിൽന് എൽ. കെ അദ്വാനി നൽകിയത് മഹത്തരമായ സംഭാവനയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ. കെ അദ്വാനി. താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ചു തുടങ്ങി ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെയുള്ള ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അദ്ദേഹത്തിന്റെ പാർലമെൻ്ററി ഇടപെടലുകൾ എല്ലായ്‌പ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകളാൽ നിറഞ്ഞതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
1998 മുതൽ 2004 വരെ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന അദ്ദേഹം ലോക്‌സഭയിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നു. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് അദ്വാനി ജനിച്ചത്. ഇന്ത്യാ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറി മുംബൈയിൽ സ്ഥിരതാമസമാക്കിയതാണ് അദ്വാനിയുടെ കുടുംബം. 1941ൽ പതിനാലാമത്തെ വയസ്സിൽ ആർഎസ്എസിൽ ചേർന്ന അദ്വാനി രാജസ്ഥാൻ പ്രചാരകായി പ്രവർത്തിച്ചു. 1951-ൽ ശ്യാമ പ്രസാദ് മുഖർജി സ്ഥാപിച്ച ഭാരതീയ ജനസംഘത്തിൽ അംഗമായി. പാർലമെൻ്ററി കാര്യങ്ങളുടെ ചുമതല, ജനറൽ സെക്രട്ടറി, ദൽഹി ഘടകത്തിന്റെ പ്രസിഡൻ്റ് തുടങ്ങി വിവിധ പദവികൾ വഹിച്ചു.
1967ൽ ആദ്യ ദൽഹി മെട്രോപൊളിറ്റൻ കൗൺസിലിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1970 വരെ ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവിൽ അംഗമായി. 1970-ൽ, അദ്വാനി ആദ്യമായി രാജ്യസഭാംഗമായി, 1989 വരെ നാല് തവണ സേവനമനുഷ്ഠിച്ചു. 1973-ൽ അദ്ദേഹം ജനസംഘത്തിന്റെ പ്രസിഡൻ്റായി. 1977 – ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചു . തിരഞ്ഞെടുപ്പിലെ ജനതാ പാർട്ടിയുടെ വിജയത്തെത്തുടർന്ന് അദ്വാനി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമായി.
1980-ൽ അടൽ ബിഹാരി വാജ്‌പേയിക്കൊപ്പം ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം മൂന്ന് തവണ പാർട്ടിയുടെ അധ്യക്ഷനായി. 1989- ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏഴ് തവണ സേവനമനുഷ്ഠിച്ചു. ഇരുസഭകളിലും പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിട്ടുണ്ട്. 1998 മുതൽ 2004 വരെ ആഭ്യന്തര മന്ത്രിയും 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രിയുമായിരുന്നു. 2019 വരെ ഇന്ത്യൻ പാർലമെൻ്റിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ബിജെപിയെ ഒരു പ്രധാന രാഷ്‌ട്രീയ പാർട്ടിയായി ഉയർത്തിയതിന്റെ ബഹുമതി നേടി. 2015-ൽ അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.
Discussion about this post