ജയ്പൂര്‍: യേശുക്രിസ്തു ഭാരതത്തിലായിരുന്നെങ്കിൽ കുരിശില്‍ ഏറ്റപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കവേയായിരുന്നു ഡോ. മൻമോഹൻ വൈദ്യയുടെ പരാമർശം.



ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആർഎസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, മുൻ വിദേശകാര്യ സെക്രട്ടറി പവൻ വർമ, എഴുത്തുകാരൻ ഭദ്രി നാരായണ എന്നിവർ തമ്മിൽ നടന്ന ചര‍്ച്ചയിലായിരുന്നു ഡോ. മന്‍മോഹന്‍ വൈദ്യയുടെ ഈ പരാമര്‍ശം. ആത്മീയത അടിസ്ഥാനമായുള്ള ഭാരതീയ ജീവിതശൈലി, രാജ്യത്തെ നൂറ്റാണ്ടുകളായി മറ്റ് രാജ്യങ്ങളിൽ നിന്ന് വിഭിന്നമാക്കുന്നുവെന്ന് ഡോ.മൻമോഹൻ വൈദ്യ വാദിച്ചു. ഭാരതീയർ കച്ചവടത്തിനും മറ്റുമായി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളെ കോളനി വത്കരിക്കുകയോ, ജനങ്ങളെ അടിമകളാക്കുകയോ ചെയതിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ചർച്ച ജാതീയ വിവേചനത്തിലേക്ക് വഴിമാറി. ആർഎസ്എസ് ഇന്‍റർ-കാസ്റ്റ് വിവാഹങ്ങളെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇന്നും രാജ്യത്ത് നടക്കുന്നതിൽ 90 ശതമാനവും സ്വജാതിയിൽപ്പെട്ട വിവാഹങ്ങളാണെന്ന് വൈദ്യ പറഞ്ഞു. വ്യത്യസ്ത ആശയങ്ങളേയും വീക്ഷണങ്ങളേയും ഇരു കൈയും നീട്ടി സ്വീകരിക്കുന്ന രാജ്യമാണ് ഭാരതമെന്ന് ഡോ.മൻമോഹൻ വൈദ്യ ചർച്ചയ്‌ക്കിടെ പറഞ്ഞു. ഭാരതത്തിലെ 99% ജനങ്ങളും മതപരിവർത്തനം നടത്തിയവരാണെന്നും ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾക്ക് രാമനാണ് അവരുടെ പൂർവികനെന്ന് കരുതാമെങ്കിൽ ഇവിടുത്തെ ജനങ്ങൾക്കും അത് കഴിയുമെന്നും ഡോ.മൻമോഹൻ വൈദ്യ ചൂണ്ടിക്കാട്ടി.
ക്രിസ്തീയ വിശ്വാസങ്ങളെ ചോദ്യം ചെയ്തതിന് 1600കളിൽ ജീവനോടെ ചുട്ടെരിക്കപ്പെട്ട ഇറ്റാലിയൻ വംശജൻ ജിയോർദാനോ ബ്രൂണോയ്‌ക്ക്, ഭാരതത്തിലായിരുന്നെങ്കിൽ ഈ ഗതിയുണ്ടാവില്ലായിരുന്നുവെന്ന് വിവേകാനന്ദ സ്വാമിയുടെ ശിഷ്യ സിസ്റ്റർ നിവേദിത എഴുതിയത് ഡോ.മൻമോഹൻ വൈദ്യ സദസിനെ ഓർമിപ്പിച്ചു. സിസ്റ്റർ നിവേദിത പറഞ്ഞില്ലെങ്കിൽ കൂടി, സമാന രീതിയിൽ ഭാരതത്തിലായിരുന്നെങ്കിൽ യേശുക്രിസ്തുവിനും കുരിശിലേറേണ്ടി വരില്ലായിരുന്നുവെന്നും അതാണ് ഭാരതത്തിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post