ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തുള്ള ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാൻ എപ്പോഴും മുൻകൈയെടുക്കുകയും മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി സംസാരിക്കുകയും ചെയ്യാറുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര. ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധേയരായ എട്ട് നാവിക സേനാംഗങ്ങളുടെ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഭാരതീയ സമൂഹം പ്രശ്‌നങ്ങൾ നേരിട്ടപ്പോഴെല്ലാം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നേതൃത്വവും വ്യക്തിപരമായ തീരുമാനങ്ങളും അവരെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്നത് ഉറപ്പാക്കിയിരുന്നുവെന്ന് വിനയ് പറഞ്ഞു. ഖത്തറിലെ നാവികരുടേത് ഭാരതീയ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി സ്വീകരിക്കുന്ന സെൻസിറ്റീവ് സമീപനത്തിന്റെ നേരിട്ടുള്ള തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വർഷമായി ഭാരതീയ പൗരന്മാർക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നപ്പോഴെല്ലാം അത് വിദേശകാര്യ മന്ത്രാലയത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മറിച്ച് അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ മുഴുവൻ ദൗത്യമാണെന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഭാരതീയർ അവർ എവിടെയായിരുന്നാലും സാധ്യമായതും ഉചിതമായതുമായ എല്ലാ സഹായവും നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശമെന്ന് ക്വാത്ര കൂട്ടിച്ചേർത്തു.
Discussion about this post