പഞ്ച്കുല: സിനിമയില്‍ രാജ്യത്തിന്റെ തനിമയ്ക്കും സംസ്‌കാരത്തിനും ഇടംവേണമെന്ന് ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ വിവേക് അഗ്‌നിഹോത്രി. ചിത്രഭാരതി ചലച്ചിത്രോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണിയറയിലൊരുങ്ങുന്ന തന്റെ ദല്‍ഹി ഫയല്‍സ് എന്ന ചിത്രം മലബാറിലെ മാപ്പിളക്കലാപം മുതല്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്ന ഏകപക്ഷീയമായ നരഹത്യയുടെ കഥയാണ് പറയുന്നത്. ചില കഥകള്‍ സമൂഹത്തോട് പറയാതിരിക്കുന്നതും കുറ്റകൃത്യമാണെന്ന് ഞാന്‍ കരുതുന്നു. രാജ്യത്തെ ഓരോ കുടുംബത്തിനും ഓരോ തെരുവിനും കഥയുണ്ട്. ചെറിയ ചെറിയ അത്തരം കഥകള്‍ സോഷ്യല്‍ മീഡിയകള്‍ നിറയണം, വിവേക് അഗ്നിഹോത്രി പറഞ്ഞു.
സിനിമയില്‍ അജണ്ടയുണ്ട് എന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രശസ്ത സംവിധായകനും നടനുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു. ഞാന്‍ സിനിമ ചെയ്യുന്നത് ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ്. ചിലര്‍ എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കാറുണ്ട്, ഞാനത് കാര്യമാക്കാറില്ല. രാജ്യത്തിന് വേണ്ടി പൂര്‍ണ്ണ സത്യസന്ധതയോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിനെ അജണ്ട എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അതൊരു മോശം കാര്യമല്ല, ചന്ദ്രപ്രകാശ് ദ്വിവേദി പറഞ്ഞു. ആളുകളുടെ ഓര്‍മശക്തി ദുര്‍ബലമാവുകയാണ്. അച്ഛന്റെയോ മുത്തച്ഛന്റെയോ ചിത്രം പോലും പലരും സൂക്ഷിക്കുന്നില്ല. ഭൂതകാലം മഹത്തരമാണ്. അത് വഴിയില്‍ ഉപേക്ഷിക്കാനുള്ളതല്ല. ഞാന്‍ ചാണക്യ സീരിയല്‍ എടുത്തു. അതെന്റെ പ്രതിബദ്ധതയായിരുന്നു. സിനിമകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയമാണ്. സിനിമ വിജയിക്കുക എന്നതാണ് ചലച്ചിത്ര പ്രവര്‍ത്തകന് പ്രധാനം. പൃഥ്വിരാജ് എന്ന സിനിമ വിജയിച്ചില്ല, അതുകൊണ്ട് തന്നെ മറ്റ് അഞ്ച് സിനിമകള്‍ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു, അദ്ദേഹം പറഞ്ഞു.
Discussion about this post