ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രബല്യത്തില്‍ വന്നതിനു പിന്നാലെ പൗരത്വത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കി. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സജ്ജമാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയാകും.
- indiancitizenshiponline.nic.in എന്ന വെബ്‌സൈറ്റിലാണ് പൗരത്വത്തിനായി അപേക്ഷിക്കേണ്ടത്.
- നിലവില്‍ ഭാരതത്തില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അതേസമയം ഭാരതത്തിന് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന് (കോണ്‍സിലേറ്റ്) അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷ സൂക്ഷമപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേര്‍ത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനല്‍ സഹിതം അപേക്ഷകന്‍ നേരിട്ട് ഹാജരാകണം.
- ഇതിനായുള്ള തീയതിയും സമയവും ഇമെയില്‍/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം നിശ്ചിത ഫീസ് അടക്കാനും ശ്രദ്ധിക്കണം.
നിലവില്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വ്യാജ പ്രചാരണങ്ങള്‍ക്ക് അടിപ്പെടരുതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 30 ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഒന്‍പത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാര്‍ക്കും പരിശോധനകള്‍ക്കുശേഷം പൗരത്വം നല്‍കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടികളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്.
2020 ജനുവരി 10 ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31ന് മുമ്പ് ഭാരതത്തില്‍ എത്തിയവര്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 2014നു ശേഷം എത്തിയവര്‍ക്കും സിഎഎയുടെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കിയേക്കും. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഭാരതത്തിലെത്തിയ വര്‍ഷം വ്യക്തമാക്കണം.
Discussion about this post