നാഗ്പൂര്‍: ആര്‍എസ്എസ് സമാജത്തിന്റെ സംഘടനയാണെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. രാജ്യത്തെ 140 കോടി ജനങ്ങളും ഹിന്ദുക്കളാണെന്നതാണ് ആര്‍എസ്എസ് കാഴ്ചപ്പാട്. അതില്‍ ന്യൂനപക്ഷ, ഭൂരിപക്ഷഭേദമില്ല. എല്ലാവരും ഭാരതീയരാണ്, ഹിന്ദുക്കളാണ്, നാഗ്പൂരിലെ രേശിഭാംഗ് സ്മൃതിഭവന്‍ സമുച്ചയത്തില്‍ ആരംഭിച്ച അഖിലഭാരതീയ പ്രതിനിധിസഭയുടെ ഭാഗമായി ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 99 ശതമാനം ജില്ലകളിലും ആര്‍എസ്എസ് പ്രവര്‍ത്തനം എത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. 27720 മണ്ഡലങ്ങളിലായി 73,117 പ്രതിദിന ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4466 ശാഖകളുടെ വര്‍ധന. ഇതില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാഖകളാണ്. ആഴ്ചയില്‍ ഒരുമിച്ച് ചേരുന്ന സാപ്താഹിക് മിലനുകളുടെ എണ്ണം 27,717 ആണ്, 840 മിലനുകള്‍ കൂടി. മാസത്തില്‍ ഒരുമിച്ചുവരുന്ന സംഘ മണ്ഡലികളുടെ 10,567 ആണ്.
460 സ്ത്രീശക്തി സമ്മേളനങ്ങള്‍
രാഷ്ട്ര സേവിക സമിതിയും വിവിധ സംഘടനകളിലെ വനിതാപ്രവര്‍ത്തകരും മുന്‍കൈയെടുത്ത് 44 പ്രാന്തങ്ങളിലായി കഴിഞ്ഞ വര്‍ഷം 460 സ്ത്രീശക്തി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. 5.61 ലക്ഷം സ്ത്രീകള്‍ പങ്കെടുത്തു. ഭാരതീയ ചിന്തയിലും സാമൂഹിക മാറ്റത്തിലും സ്ത്രീകളുടെ സജീവ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വനിതാസമ്മേളങ്ങള്‍ സംഘടിപ്പിച്ചതെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
അഹല്യഭായ് ഹോള്‍ക്കറുടെ മൂന്നൂറാം ജന്മവാര്‍ഷികാഘോഷങ്ങള്‍ 2024 മെയ് മുതല്‍ 2025 ഏപ്രില്‍ വരെ ആഘോഷിക്കും. ദരിദ്രരുടെ പുനരുദ്ധാരണത്തിനും ധര്‍മ്മോദ്ധാരണത്തിനും അഹല്യഭായ് ഹോള്‍ക്കര്‍ നടപ്പാക്കിയ പദ്ധതികള്‍ രാജ്യമെങ്ങും പ്രചരിപ്പിക്കും. തെരഞ്ഞെടുപ്പില്‍ നൂറ് ശതമാനം വോട്ട് എന്ന ജനാധിപത്യധര്‍മ്മം പാലിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കും, അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ആര്‍എസ്എസ് സംഘടിപ്പിച്ച അക്ഷതവിതരണ സമ്പര്‍ക്കം 5,78,778 ഗ്രാമങ്ങളിലും 4,727 നഗരങ്ങളിലും സജീവമായി നടന്നു. 19.38 കോടി കുടുംബങ്ങളെ സമ്പര്‍ക്കം ചെയ്തു. 4498334 രാമഭക്തര്‍ സമ്പര്‍ക്കത്തില്‍ പങ്കാളികളായി. പ്രാണപ്രതിഷ്ഠാദിനത്തില്‍ 9.85 ലക്ഷം പരിപാടികളിലായി 27.81 കോടി ആളുകള്‍ പങ്കെടുത്തു.
പരിശീലന ശിബിരങ്ങളില്‍ ഘടനാമാറ്റം
ആര്‍എസ്എസ് പരിശീലനശിബിരങ്ങളായ സംഘശിക്ഷാവര്‍ഗുകളില്‍ ഘടനാമാറ്റത്തിന് തീരുമാനമെടുത്തതായി ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു. നിലവില്‍ ഏഴ് ദിവസത്തെ പ്രാഥമിക ശിക്ഷാവര്‍ഗ് ഇരുപത് ദിവസം വീതമുള്ള പ്രഥമ, ദ്വിതീയ സംഘശിക്ഷാവര്‍ഗുകള്‍, 25 ദിവസത്തെ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് എന്നിങ്ങനെയാണ് പരിശീലനത്തിന്റെ ഘടന. പുതിയ തീരുമാനപ്രകാരം ഇപ്പോള്‍ പുതിയ ഘടനയില്‍, ഏഴ് ദിവസത്തെ പ്രാഥമിക ശിക്ഷാ വര്‍ഗിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രാരംഭിക് വര്‍ഗുണ്ടാവും. 15 ദിവസത്തെ സംഘശിക്ഷാ വര്‍ഗ്, ഇരുപത് ദിവസത്തെ കാര്യകര്‍ത്താ വികാസ് വര്‍ഗ് – ഒന്ന്, 25 ദിവസത്തെ കാര്യകര്‍ത്താ വികാസ് വര്‍ഗ്- രണ്ട് എന്നിങ്ങനെയാണ് പുതിയ ഘടന. ഈ വര്‍ഗുകളുടെ ഭാഗമായി പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും.
ജോയിന്‍ ആര്‍എസ്എസ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ 2017 മുതല്‍ 2023 വരെ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം പേര്‍ സംഘത്തെ മനസിലാക്കുന്നതിനായി ചേരാറുണ്ട്. ഈ വര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലും ഇത് ഇരട്ടിയിലേറെയായിട്ടുണ്ടെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post