നാഗ്പൂര്‍: സാമാജിക സമരസത എന്നത് ഒരു പ്രവര്‍ത്തനതന്ത്രമല്ല, ജീവിത നിഷ്ഠയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. എല്ലാവരെയും ഒരുമിച്ചുചേര്‍ത്ത് സമാജപരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെയല്ലാതെ മാറ്റം സാധ്യമല്ല. അത്തരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാനാവുമെന്നതില്‍ ആര്‍എസ്എസിന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഖിലഭാരതീയ പ്രതിനിധിസഭയോടനുബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ ശ്രീരാംലാലയുടെ ഐതിഹാസികമായ പ്രാണപ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ സമാജം ഒരുമിച്ചുചേര്‍ന്നത് നമ്മുടെ മുന്നിലുണ്ട്. സമാജം മുഴുവന്‍ സംഘടിതമാകണമെന്നതാണ് സംഘം ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും സാമാജിക സൗഹാര്‍ദ്ദത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം ഒരു സംഘടനയുടെ പ്രചാരണമല്ല, മറിച്ച് മുഴുവന്‍ സമാജത്തിന്റെയും കര്‍ത്തവ്യമാണ്. രാജ്യത്തെ പല ചെറിയ ഗ്രാമങ്ങളിലും ഇന്നും വിവേചനവും തൊട്ടുകൂടായ്മയും ദൃശ്യമാണ്. കുളം, ക്ഷേത്രം, ശ്മശാനം എന്നിവയുടെയടക്കം കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വിവേചനവും പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മഹോത്സവമാണ്. ജനാധിപത്യവും ഐക്യവും ശക്തിപ്പെടുത്തുകയും പുരോഗതിയുടെ വേഗത നിലനിര്‍ത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. 100 ശതമാനം വോട്ട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സ്വയംസേവകര്‍ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കും. തെരഞ്ഞെടുപ്പിന്റെ പേരില്‍ പരസ്പര വൈരാഗ്യമോ അനൈക്യമോ സമൂഹത്തിലുണ്ടാകരുതെന്ന് ഓരോ വ്യക്തിയെയും ബോധവല്‍ക്കരിക്കും.സംഘപ്രവര്‍ത്തനം ദേശവ്യാപകമാണ്. നാമെല്ലാവരും ഒരു സമൂഹത്തിലെ, ഒരു രാഷ്ട്രത്തിലെ ആളുകളാണ് എന്നതാണ് അതിന്റെ ആധാരം. 2025 വിജയദശമിയോടെ, ശാഖയും ആഴ്ചയിലൊരിക്കല്‍ ചേരുന്ന സാപ്താഹിക് മിലനും കൊണ്ട് രാജ്യത്താകെ പൂര്‍ണനഗരം, പൂര്‍ണ ഖണ്ഡ്, പൂര്‍ണ മണ്ഡലം എന്ന ലക്ഷ്യം സംഘടനാതലത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
സന്ദേശ്ഖാലിയിലെ കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഇരകളായ സ്ത്രീകളുടെ പ്രതിനിധി സംഘം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരും വിവിധക്ഷേത്ര സംഘടനകളും എല്ലാ തലത്തിലും സന്ദേശ്ഖാലിയിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ന്യൂനപക്ഷ രാഷ്ട്രീയമെന്നതിനോട് ആര്‍എസ്എസിന്‍ വിയോജിപ്പാണുള്ളത്. രണ്ടാമത്തെ സര്‍സംഘചാലക് ശ്രീഗുരുജിയുടെ കാലം മുതല്‍ ഇന്നുവരെ എല്ലാ സര്‍സംഘചാലകുമാരും മുസ്ലീം, ക്രിസ്ത്യന്‍ നേതാക്കളുമായി ആശയവിനിമയം നടത്തി ഒരുമിപ്പിച്ചുചേര്‍ക്കാനുള്ള പരിശ്രമം നടത്തിയിട്ടുണ്ട്.
മണിപ്പൂരില്‍ അടുത്തിടെ നടന്ന സാമൂഹിക സംഘര്‍ഷങ്ങള്‍ ഏറെ വേദനാജനകമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ഈ മുറിവുകള്‍ വളരെ ആഴത്തിലുള്ളതാണ്. സംഘത്തിന്റെ പ്രവര്‍ത്തനം മൂലം രണ്ട് സമുദായങ്ങളിലെയും നേതാക്കളുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമിച്ചു, അതില്‍ ഫലം കണ്ടിട്ടുണ്ട്, എങ്കിലും ആ പരിശ്രമം തുടരേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.
Discussion about this post