ന്യൂദല്‍ഹി: ഏഴു പതിറ്റാണ്ടിലേറെയായി അചഞ്ചലമായ അര്‍പ്പണബോധത്തോടെ എല്‍.കെ. അദ്വാനി രാജ്യത്തെ സേവിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍, സംഭാഷണങ്ങള്‍ക്ക് അദ്ദേഹം നല്കിയ ഊന്നല്‍ പാര്‍ലമെന്ററി പാരമ്പര്യങ്ങളെ സമ്പന്നമാക്കി. ആഭ്യന്തര മന്ത്രി എന്ന നിലയിലും ഉപപ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹം എല്ലായ്‌പ്പോഴും ദേശീയ താത്പര്യത്തിന് മുന്‍ഗണന നല്കി, അദ്വാനിക്ക് ഭാരതരത്‌ന സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി രാഷ്‌ട്രപതി എക്സില്‍ കുറിച്ചു.
വ്യത്യസ്ത പാര്‍ട്ടിക്കാരും അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക പുനരുജ്ജീവനത്തിനായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവും അശ്രാന്തവുമായ പോരാട്ടം 2024 ല്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കലാശിച്ചു. ദേശീയ അജണ്ട പുനര്‍രൂപകല്‍പ്പന ചെയ്ത് വികസനത്തിന്റെ പാതയില്‍ എത്തിക്കുന്നതില്‍ വിജയിച്ച സ്വാതന്ത്ര്യാനന്തര രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്വാനി. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഭാരതത്തിന്റെ പ്രതിഭയുടെയും എല്ലാം ഉള്‍ക്കൊള്ളുന്ന പാരമ്പര്യങ്ങളുടെയും മികച്ച ആവിഷ്‌കാരമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പുരോഗതിക്ക് എല്‍.കെ. അദ്വാനി നല്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് പുരസ്‌കാരസമര്‍പ്പണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. എല്‍.കെ. അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുന്ന അതിവിശേഷമായ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി. പൊതു പ്രവര്‍ത്തനത്തിലുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആധുനിക ഭാരതത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്കും നമ്മുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അദ്ദേഹത്തോടൊപ്പം വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി തുടര്‍ന്നു.
Discussion about this post