അയോദ്ധ്യ: രാമനവമിയില്‍ ബാലകരാമന് തിലകം ചാര്‍ത്തി സൂര്യന്‍. വിസ്മയക്കാഴ്ച്ച ദര്‍ശിച്ച് ലോകം. ഉച്ചയ്ക്ക് 12ന്, ഭഗവാന്‍ രാമന്റെ പിറന്നാള്‍ മുഹൂര്‍ത്തത്തിലാണ് ബാലകരാമന് സൂര്യകിരണങ്ങള്‍ കൊണ്ട് മഹാമസ്തകാഭിഷേകം ഒരുക്കിയത്.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച ശാസ്ത്രജ്ഞരുടെ സംഘമാണ് ദൃശ്യമൊരുക്കിയത്. കണ്ണാടികളുടെയും ലെന്‍സുകളുടെയും സഹായത്തോടെ ഭൂമിയുടെ ചലനവും സൂര്യരശ്മികളുടെ ഗതിയും ഒരേ കോണില്‍ സമന്വയിപ്പിച്ച് സൂര്യപ്രകാശത്തെ വിഗ്രഹത്തിന്റെ നെറ്റിയിലേക്ക് 75 മില്ലിമീറ്റര്‍ വലിപ്പത്തില്‍ തിലകംപോലെ പതിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മിനിട്ട് സൂര്യതിലകപ്രഭയില്‍ ബാലകരാമന്‍ വിളങ്ങി. സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്രസംഘമാണ് സൂര്യതിലകത്തിന് മൂര്‍ത്ത രൂപം നല്‍കിയത്.
സൂര്യതിലകം നെറ്റിയില്‍ പതിഞ്ഞ നിമിഷം അയോദ്ധ്യധാമില്‍ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ഭക്തര്‍ പാട്ട് പാടിയും നൃത്തമാടിയും ആഹ്ലാദം പ്രകടിപ്പിച്ചു. ജയാരവങ്ങള്‍ക്കും ഭജനകള്‍ക്കുമിടയില്‍ ആരതി പൂര്‍ത്തിയായി. വിപുലമായ സൗകര്യങ്ങളാണ് ഭക്തര്‍ക്കായി ക്ഷേത്രട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്. സൂര്യതിലക സമര്‍പ്പണം കാണാനായി നഗരത്തിലുടനീളം നൂറിലേറെ എല്‍ഇഡി സ്‌ക്രീനുകള്‍ സജ്ജമാക്കിയിരുന്നു.
ശ്രീരാമനവമി പ്രമാണിച്ച് അയോദ്ധ്യാ നഗരം മുഴുവന്‍ അണിഞ്ഞൊരുങ്ങിയിരുന്നു. രാവിലെ മംഗളാരതി മുതല്‍ ഉത്സവാന്തരീക്ഷത്തിലായിരുന്നു ക്ഷേത്രസന്നിധി. പഞ്ചാമൃതത്തില്‍ കുളിച്ച്, മഞ്ഞപ്പട്ടണിഞ്ഞ്, ഉത്സവാലങ്കാരങ്ങളോടെയാണ് ബാലകരാമവിഗ്രഹം വിശേഷമുഹൂര്‍ത്തത്തിന് ഒരുങ്ങിയതെന്ന് മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
















Discussion about this post