നാഗ്പൂർ: ആർ എസ് എസ് കാര്യകർത്താ വികാസ് വർഗ് ദ്വീതീയയ്ക്ക് തുടക്കമായി. വർഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയിൽ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കർ പറഞ്ഞു. നാഗ്പൂരിലെത്തി സംഘപരിശീലനം നേടുന്നത് സ്വയംസേവകർക്ക് സൗഭാഗ്യമാണ്. ഈ ഭൂമി ഡോക്ടർജിയുടെയും ശ്രീഗുരുജിയുടെയും തപ:സ്ഥാനമാണെന്ന് വർഗ് പാലക് അധികാരി കൂടിയായ പരാഗ് അഭ്യങ്കർ പറഞ്ഞു.
പരിശീലനം സംഘകാര്യത്തിൽ പ്രധാനമാണ്. രാഷ്ട്രം നേരിട്ട വെല്ലുവിളികളെ മറികടക്കാൻ സമാജത്തെ ശക്തമാക്കുകയാണ് സംഘം ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ജനങ്ങളിൽ സംഘം സ്വതന്ത്രതയ്ക്കായുള്ള മനോഭാവം ജ്വലിപ്പിച്ചു. ഡോക്ടർജി വനസത്യഗ്രഹത്തിൽ പങ്കെടുത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിയന്തരാവസ്ഥയും കൊവിഡ് കാലവുമൊഴിച്ച് എല്ലാ വർഷവും സംഘത്തിൻ്റെ പരിശീലന വർഗ് മുടക്കമില്ലാതെ നടക്കുന്നു. സംഘടിത ഹിന്ദു മനോഭാവം സമാജത്തിലാകെ സൃഷ്ടിക്കേണ്ടതുണ്ട്. സജ്ജനങ്ങളെ സംഘടിപ്പിക്കണം. രാഷ്ട്രഹിതത്തിനായി സമാജത്തെ സശക്തമാക്കണം. അതിന് അനുസൃതമായ പാഠ്യപദ്ധതിയാണ് പരിശീലനത്തിൻ്റെ സവിശേഷത, അഭ്യങ്കർ ചൂണ്ടിക്കാട്ടി.
രേശിംഭാഗിൽ ഡോ. ഹെഡ്ഗേവർ സ്മൃതി മന്ദിരത്തിന് സമീപം മഹർഷി വ്യാസ് സഭാ ഗൃഹത്തിൽ ചേർന്ന ഉദ്ഘാടന സഭയിൽ വർഗ് സർവാധികാരി ഇക്ബാൽ സിങ്, സഹസർകാര്യവാഹ് ഡോ. കൃഷ്ണഗോപാൽ, പരാഗ് അഭ്യങ്കർ എന്നിവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സഹസർ കാര്യവാഹുമാരായ സി. ആർ. മുകുന്ദ , രാംദത്ത് ചക്രധർ എന്നിവരും പങ്കെടുത്തു. 936 ശിക്ഷാർത്ഥികളാണ് വർഗിൽ പങ്കെടുക്കുന്നത്.
ജൂൺ 10 നാണ് വർഗ് സമാപിക്കുന്നത്.
Discussion about this post