നാഗ്പൂര്‍: സാമൂഹ്യപരിവര്‍ത്തനത്തിലൂടെ മാത്രമേ വ്യവസ്ഥിതി മാറുകയുള്ളൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഏതൊരു വലിയ പരിവര്‍ത്തനത്തിനും മുന്നോടിയായി സമൂഹത്തിലാകെ ആത്മീയ ഉണര്‍വുണ്ടാകുമെന്ന് ഡോ.ബി.ആര്‍. അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അധിനിവേശ ശക്തികള്‍ രാജ്യത്തെ ആക്രമിച്ച കാലത്ത് അവരുടെ ക്രൂരതകളില്‍ അസ്വസ്ഥമായിരുന്ന സമൂഹത്തില്‍ നിര്‍ഭയഭാവം നിറച്ചത് ഈ ആത്മീയ ഉണര്‍വാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണെങ്കിലും നമ്മുടെ സാമൂഹികജീവിതത്തിന്റെ ആധാരം ഒന്നാണ്. എല്ലാവരും ഒരുമിച്ച് നീങ്ങണം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മാനിക്കണം. പരസ്പരം ആരാധനാ രീതികളെ ആദരിക്കണം. ഇക്കാര്യങ്ങള്‍ മറന്നപ്പോഴാണ് സമാജം വികൃതമായത്. സ്വന്തം സഹോദരങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കി അകറ്റി നിര്‍ത്തി. ഇതിനെയൊന്നും വേദങ്ങളോ പുരാണങ്ങളോ പിന്തുണയ്ക്കുന്നില്ല. സമാജം ഒന്നെന്ന ഭാവത്തില്‍ മുന്നോട്ടുപോകണം, അന്യായമായ കാരണങ്ങളാല്‍ അകന്നുപോയവരെ ഒപ്പം കൂട്ടണം, സര്‍സംഘചാലക് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാരതീയ മാതൃകകള്‍ ജീവിതത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഇത്തവണ കടുത്ത ചൂടാണ് രാജ്യമെമ്പാടും അനുഭവപ്പെട്ടത്. മലയോരമേഖലകളില്‍ പോലും അത്യുഷ്ണമാണ്. ബെംഗളൂരു പോലൊരു മഹാനഗരത്തില്‍ ജലക്ഷാമം രൂക്ഷമായി. ഹിമാനികള്‍ ഉരുകുന്നു. പാരിസ്ഥിതിക പ്രതിസന്ധി വര്‍ധിച്ചുവരികയാണ്. വസുധൈവ കുടുംബകം എന്ന ദര്‍ശനമാണ് നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃക. പ്രകൃതി നമുക്ക് അമ്മയാണ്. സമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വദേശി, കുടുംബ പ്രബോധനം, പൗരധര്‍മ്മം എന്നീ അഞ്ച് പരിവര്‍ത്തനങ്ങളാണ് സമാജത്തിലുടനീളം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് പരിശ്രമിക്കുന്നത്.
വികസനത്തിന്റെ മാനദണ്ഡങ്ങള്‍ ഭാരതീയ കാഴ്ചപ്പാടില്‍ രൂപീകരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. ആധുനിക ശാസ്ത്രവും പുരാതനജ്ഞാനവും കൈകോര്‍ക്കണം. സമാധാനപൂര്‍ണമായ അന്തരീക്ഷത്തിലാണ് എല്ലാത്തരം വികസനവും സാധ്യമാവുക. അശാന്തമായ സാഹചര്യങ്ങളില്‍ വികസനം സാധ്യമാവില്ല. ഒരു വര്‍ഷമായി മണിപ്പൂര്‍ കത്തുകയാണ്. പഴയ തോക്ക് സംസ്‌കാരം അവസാനിച്ചെന്നാണ് കരുതിയത്. എന്നാല്‍ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മണിപ്പൂരില്‍ അശാന്തി പടര്‍ത്തുകയാണ്. ഇക്കാര്യം പരിഗണിക്കുകയും പരിഹരിക്കുകയും വേണം, അദ്ദേഹം പറഞ്ഞു.
പൊതുസമ്മതി സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയയാണ് തെരഞ്ഞെടുപ്പെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഏത് ചോദ്യത്തിന്റെയും എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യാനും സമവായം ഉണ്ടാക്കാനും പാര്‍ലമെന്റില്‍ സംവിധാനമുണ്ട്. ജനങ്ങള്‍ വിധിയെഴുതി. സര്‍ക്കാര്‍ രൂപീകരിച്ചു. പ്രചാരണത്തിനിടെ പരസ്പരം പഴി പറയുകയും സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. വിരോധി എന്നല്ല പ്രതിപക്ഷം എന്നതാണ് ശരിയായ പ്രയോഗം. തെരഞ്ഞെടുപ്പ് പ്രചാരണം സൃഷ്ടിച്ച ആവേശത്തില്‍ നിന്ന് മുക്തരായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗോദാവരി ധാം പീഠാധിപതി മഹന്ത് ശ്രീരാംഗിരി മഹാരാജ് മുഖ്യാതിഥിയായിരുന്നു. വര്‍ഗ് സര്‍വാധികാരി ഇഖ്ബാല്‍ സിങ്, വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംഷേട്ടിവാര്‍, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ സന്നിഹിതരായിരുന്നു.


















Discussion about this post