ന്യൂദൽഹി: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. നിലവിലെ മേധാവി മനോജ് പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക.
നിലവിൽ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് ഉപമേധാവിയായി ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്. കഴിഞ്ഞ മാസം അവസാനം മനോജ് പാണ്ഡെ വിരമിക്കാനിരുന്നതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കരസേനയിലെ ചില അഡ്മിനിസ്‌ട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്ത് ഒരു മാസം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു.
അദ്ദേഹം വിരമിക്കുന്ന ജൂൺ 30ന് തന്നെ പുതിയ കരസേനാ മേധാവി ചുമതലയേൽക്കും.1984ൽ സേനയിൽ ചേർന്ന ദ്വിവേദി ചൈനാ അതിർത്തിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിർത്തിപ്രശ്നങ്ങളിൽ ഇന്ത്യയ്‌ക്കായി നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ഉധംപുർ ആസ്ഥാനമായ വടക്കൻ കമാൻഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. നാഷനൽ ഡിഫൻസ് കോളജിലും യുഎസ് വാർ കോളജിലുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടി.
Discussion about this post