ധാര്‍വാഡ് (കര്‍ണാടക): ഇന്ന് ഭാരതീയ ദര്‍ശനങ്ങളെ വൈദേശികമായ മാനദണ്ഡങ്ങളിലൂടെയല്ല, തനതായ അനുഭൂതിയിലൂടെ മനസിലാക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വൈദേശിക കാഴ്ചപ്പാടിലൂടെയുള്ള ബോധപൂര്‍വമോ അല്ലാത്തതോ ആയ ദുര്‍വ്യാഖ്യാനങ്ങള്‍ തിരുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ ആത്മാവ് ആധ്യാത്മികതയാണ്. അതില്ലാതെ ഭാരതമില്ല. രാഷ്ട്രത്തെ ആവിഷ്‌കരിക്കുന്നത് അതിന്റെ സംസ്‌കാരമാണ്. ആത്മീയ ജീവിതത്തിലൂടെ നമുക്ക് അതിന്റെ ഉന്നതിയിലെത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ബസവാചാര്യരുടെ പ്രബോധനങ്ങളെ മുന്‍നിര്‍ത്തി ഡോ. നിരഞ്ജന്‍ രചിച്ച ‘വചന ദര്‍ശന്‍ എന്ന കന്നഡ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഹൊസബാളെ.’ജീവിതം എങ്ങനെ കെട്ടിപ്പടുക്കാം’ എന്നതിലുള്ള മാര്‍ഗദര്‍ശനമാണ് ബസവാചാര്യര്‍ നല്കുന്നതെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ഗുരുനാനാക്കിന്റെയും സന്ത് തുക്കാറാമിന്റെയും ദര്‍ശനങ്ങളാണ് ശരണ പാരമ്പര്യവും മുന്നോട്ടുവയ്ക്കുന്നത്. കര്‍മ്മം, ഭക്തി, സേവനം എന്നിവയാണ് ജീവിത മൂല്യങ്ങള്‍ ഗുരുനാനാക്കിന്റെ ‘സത്യസന്ധമായി പ്രവര്‍ത്തിക്കുക, ഈശ്വരനെ സ്തുതിക്കുക, ഓര്‍ക്കുക’ എന്ന തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണിത്. ഭാരതീയ തത്ത്വചിന്തകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.വേദാന്തചിന്തകളും ഉപനിഷദ് ദര്‍ശനങ്ങളും ഗീതയുടെ സത്തയും ലളിതമായ ഭാഷയില്‍ വചനങ്ങളിലൂടെ ശരണന്മാര്‍ ജനങ്ങളിലെത്തിച്ചു. സാമൂഹിക നവീകരണത്തിനായി അവര്‍ ലളിതമായ ഭാഷയില്‍ സംസാരിച്ചു. സമത്വത്തിന്റെ സന്ദേശവുമായി ജാതി നോക്കാതെയുള്ള വിവാഹ ബന്ധങ്ങള്‍ക്ക് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആഹ്വാനം ചെയ്തു, സര്‍കാര്യവാഹ് പറഞ്ഞു.
ബസവ ദര്‍ശനത്തില്‍ ശിവനും ഭക്തിയും വിശ്വാസവുമാണ് നിറയുന്നതെന്നും എന്നാല്‍ ചില വിദേശ ചിന്തകര്‍ ഇതിനെ മാര്‍ക്‌സിസവുമായി ചേര്‍ത്തു പറയുന്നത് ശരിയല്ലെന്നും പരിപാടിയില്‍ സംസാരിച്ച ഗഡഗ് ശ്രീശിവാനന്ദബൃഹന്‍മഠത്തിലെ സ്വാമി സദാശിവാനന്ദ പറഞ്ഞു. വിദേശ ചിന്തകര്‍ കാഴ്ചപ്പാടുകളെ കച്ചവടം ചെയ്യുകയാണ്. വികലമായ വ്യാഖ്യാനങ്ങളെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, സഹസംയോജകന്‍ രഘുനന്ദന്‍, മുതിര്‍ന്ന ലിംഗായത്ത് നേതാവ് ചന്ദ്രകാന്ത് ബെല്ലാഡ്, ഗവേഷകന്‍ ഡോ.സംഗമേഷ് സവദത്തിമത്ത്, ഗോവിന്ദപ്പ ഗൗഡഗോള്‍, ശാന്ത ഇമ്രാപൂര്‍, തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post