കൊല്‍ക്കത്ത: പൈശാചികമായി ലൈംഗിക, ശാരീരിക പീഡനങ്ങൾക്കിരയായി ആര്‍ജി കര്‍ ആശുപത്രിയിലെ യുവ ഡോക്ടർ കൊല്ലപ്പെട്ട കേസില്‍ പശ്ചിമബംഗാള്‍ സര്‍ക്കാറിനെയും പോലീസിനെയും പ്രിന്‍സിപ്പാളിനെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പ്രിന്‍സിപ്പാളും പോലീസും എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എഫ്‌ഐആര്‍ രേഖപ്പെടുത്തിയില്ല, മൃതശരീരം വൈകിയാണ് കുടുംബത്തിന് നല്‍കിയതെന്നും കോടതി വിമർശിച്ചു.
ആര്‍ ജി കര്‍ ആശുപത്രിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ മറ്റേതെങ്കിലും കോളേജില്‍ പ്രവേശിച്ചോയെന്നും കോടതി ആരാഞ്ഞു. സുപ്രീം കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് വാദം കേള്‍ക്കല്‍ ആരംഭിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സുപ്രീംകോടതി നിലപാട് ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുകയാണെന്നും ഡോക്ടര്‍മാര്‍ കോടതിയെ വിശ്വസിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതെങ്കിലും ഒറ്റപ്പെട്ട കേസല്ല ഇതെന്നും രാജ്യമൊട്ടാകെയുള്ള ആരോഗ്യ സ്ഥാപനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.
സീനിയര്‍, ജൂനിയര്‍ ഡോക്ടര്‍മാരുടെയും സുരക്ഷാ നടപടികള്‍ക്കായി രാജ്യത്തുടനീളം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ദേശീയ ടാസ്‌ക് സേനയും കോടതി രൂപീകരിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ നല്‍കാന്‍ സേനയോട് കോടതി ആവശ്യപ്പെട്ടു. സര്‍ജന്‍ വൈസ് അഡ്മിറല്‍ ആര്‍കെ സരിയാന്‍, ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഗ്യാസ്‌ട്രോളജി മാനേജിങ് ഡയറക്ടര്‍ ഡോ. റെഡ്ഡി, ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. എം ശ്രീവാസ്, ബെംഗളൂരു നിംഹാന്‍സിലെ ഡോ. പ്രതിമ മൂര്‍ത്തി തുടങ്ങിയവര്‍ അടങ്ങുന്ന സേനയെയാണ് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത്.
ഇതുവരെയുള്ള അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു.
Discussion about this post