കാണ്‍പൂര്‍: സ്വാശ്രയ ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന് ആക്കം പകര്‍ന്ന് നാവികസേനയ്ക്ക് തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ബാരല്‍. ഒരു മിനിറ്റിനുള്ളില്‍ 120 റൗണ്ട് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള ബാരലാണിത്. ഭാരതം നിര്‍മ്മിക്കുന്ന ആദ്യത്തെ സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് ബാരലാണിത്. കാണ്‍പൂരിലെ ഫീല്‍ഡ് ഗണ്‍ ഫാക്ടറിയിലാണ് ഇത് നിര്‍മിച്ചത്. കൊച്ചിയില്‍ പൂര്‍ത്തിയാക്കിയ പരിശോധനയില്‍ പൂര്‍ണമായും ഉപയോഗക്ഷമമാണെന്ന് തെളിഞ്ഞ ബാരല്‍ കൂടുതല്‍ പരിശോധനയ്ക്കായി ബാലസോറിലേക്ക് അയച്ചിട്ടുണ്ട്.
പുതിയ ബാരലിന്റെ ഫയറിങ് റേഞ്ച് 15 മുതല്‍ 20 കിലോമീറ്റര്‍ വരെയാണെന്ന് ഫീല്‍ഡ് ഗണ്‍ ഫാക്ടറി ജനറല്‍ മാനേജര്‍ എഹ്‌തേഷാം അക്തര്‍ പറഞ്ഞു. ഭാരത നാവികസേനയ്ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഇത്. യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്ന ബാരലിന്റെ കാലിബര്‍ 76 മില്ലീമീറ്ററാണ്. സൈനികര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണിതെന്ന് അക്തര്‍ പറഞ്ഞു.
ഇറ്റലിയില്‍ നിന്നാണ് നിലവില്‍ ഭാരതം പീരങ്കി ബാരലുകള്‍ ഇറക്കുമതി ചെയ്തിരുന്നത്. അഞ്ച് കോടി രൂപയാണ് ഇതിന്റെ മൂല്യം. ഇനി ഈ ബാരലുകള്‍ കാണ്‍പൂരില്‍ തന്നെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് എഹ്‌തേഷാം അക്തര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post