ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകള്‍.
ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട് ജില്ലകളാണ് നേരത്തെ ലഡാക്കിലുണ്ടായിരുന്നത്. പുതിയ ജില്ലകളിലൂടെ എല്ലാ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും ആനുകൂല്യങ്ങള്‍ ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ തന്നെ എത്തിക്കുമെന്നും അമിത് ഷാ എക്സ് പോസ്റ്റില്‍ പറഞ്ഞു.
’വികസിതവും സമൃദ്ധവുമായ ലഡാക്ക് നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ക്ക് രൂപം നല്‍കാന്‍ എംഎച്ച്എ തീരുമാനിച്ചത്. ലഡാക്കിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കുറിച്ചു.
ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു ലഡാക്ക്. 2019 ഓഗസ്റ്റ് 5-ന് കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു, കശ്മീരും ലഡാക്കും. സംസ്ഥാനത്തിന് നല്‍കിയിരുന്ന പ്രത്യേക പദവി( ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയതിനു പിന്നാലെയായിരുന്നു നീക്കം.
കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്, ലഡാക്കില്‍ പുതിയ ജില്ലകളുടെ പ്രഖ്യാപനം.
Discussion about this post