ഇംഫാൽ: മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ സുരക്ഷാ സേന തീവ്രവാദികളുടെ മൂന്ന് ബങ്കറുകൾ തകർത്തു. മുഅൽസാംഗ് ഗ്രാമത്തിലെ രണ്ട് ബങ്കറുകളും ചുരാചന്ദ്പൂരിലെ ലൈക മുഅൽസൗ ഗ്രാമത്തിലെ ഒരു ബങ്കറുമാണ് നശിച്ചത്.
ബിഷ്ണുപൂർ എസ്‌പി ഉൾപ്പെടെയുള്ള പോലീസ് സംഘങ്ങൾ പ്രദേശത്തേക്ക് എത്തുകയും തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ വെടിയുതിർക്കുകയും ചെയ്തെങ്കിലും പോലീസ് സംഘം തിരിച്ചടിക്കുകയും ആക്രമണം ചെറുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബിഷ്ണുപൂരിൽ തീവ്രവാദികൾ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് സേന തിരച്ചിൽ ശക്തമാക്കിയത്.
ചുരാചന്ദ്പൂർ ജില്ലയിലെ മുഅൽസാങ്, ലൈക മുഅൽസൗ ഗ്രാമങ്ങളിലാണ് വെള്ളിയാഴ്ച സേന ഓപ്പറേഷൻ നടത്തിയത്. സമീപത്തെ മലനിരകളിൽ പോലീസ് സംഘങ്ങളും അധിക സുരക്ഷാ സേനയും പരിശോധന നടത്തി. ഏരിയൽ പട്രോളിംഗ് നടത്താൻ ഒരു സൈനിക ഹെലികോപ്റ്റർ വിന്യസിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ക്രമസമാധാന നില വിലയിരുത്താൻ ഉന്നതതല സുരക്ഷാ യോഗങ്ങൾ നടത്തിയിട്ടുണ്ട്. അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഏത് ആകസ്മിക സാഹചര്യങ്ങളുണ്ടായാലും പ്രതികരിക്കാൻ തയ്യാറാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബിഷ്ണുപൂർ ജില്ലയിലെ രണ്ട് സ്ഥലങ്ങളിൽ ജനങ്ങൾക്കിടയിൽ തീവ്രവാദികൾ ദീർഘദൂര റോക്കറ്റുകൾ വിന്യസിച്ചത്. അതിലൊന്ന് പൊട്ടിത്തെറിച്ച് ഒരു മുതിർന്ന പൗരൻ മരിക്കുകയും മറ്റ് ആറ് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ ആഴ്ച ആദ്യം ഇംഫാൽ വെസ്റ്റ് ജില്ലയിൽ സമീപത്തെ രണ്ട് സ്ഥലങ്ങളിൽ ആളുകൾക്ക് നേരെ ബോംബ് വർഷിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചതിന് ശേഷമാണ് റോക്കറ്റ് ആക്രമണം നടന്നത്. കഴിഞ്ഞ വർഷം മെയ് മുതൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഭവനരഹിതരാക്കുകയും ചെയ്തു.
Discussion about this post