ബാരാം: സമാജത്തിൻ്റെ സമഗ്രമായ മാറ്റത്തിന് പഞ്ച പരിവർത്തനത്തിലൂടെ സാധ്യമാകണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. കൃഷി ഉപജ് മണ്ടിയിൽ ആർഎസ്എസ് ബാരാം നഗർ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വയംസേവകർ അവരവരുടെ ഗ്രാമങ്ങളെ ശക്തമാക്കി ഇല്ലായ്മകളെ അകറ്റാനുള്ള പരിശ്രമം നടത്തണമെന്ന് സർ സംഘചാലക് പറഞ്ഞു.സമൂഹത്തെ സമാജിക സമരസതയിലൂന്നി സാമൂഹ്യ നീതി, ആരോഗ്യം, വിദ്യാഭ്യാസം, സ്വാവലംബനം എന്നിവ നേടിയെടുക്കാൻ പ്രാപ്തമാക്കണം. സമാജത്തിലെ ഓരോ പ്രദേശങ്ങളിലും, കുടുംബങ്ങളിലും, സമരസത സദ്ഭാവന, പരിസ്ഥിതി, കുടുംബ പ്രബോധനം, സ്വദേശിശീലം, പൗരധർമ്മം, എന്നിവയുടെ സഹജമായ ഭാവം ഉണർത്തേണ്ടതുണ്ട്. ജീവിതത്തിൽ ചെറിയ ചെറിയ കാര്യങ്ങളെ ആചരണത്തിൽ കൊണ്ട് വരുന്നതിലൂടെ രാഷ്ട്രത്തിന്റെ പുരോഗതിക്കു വലിയ സംഭാവന നൽകാൻ സാധിക്കും.
ഹിന്ദു സമൂഹം തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഭാഷ, ജാതി, പ്രദേശം തുടങ്ങി എല്ലാ ഭേദങ്ങളും മറികടന്ന് സംഘടിക്കണം. സമൂഹം സംഘടിതവും സദ്ഭാവനായുക്തവും ആത്മീയഭാവവും ഉള്ളതായി തീരേണ്ടതുണ്ട്.സമൂഹത്തിൽ ആചരണനിഷ്ഠ, രാജ്യത്തോടുള്ള കർത്തവ്യബോധം എന്നീ ഗുണങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഞാനും എന്റെ കുടുംബവും എന്ന ചിന്തയിലൂടെ സമാജം ശക്തമാവുകയില്ല, മറിച്ചു സമാജത്തിന്റെ എല്ലാത്തരത്തിലും ഉള്ള ഉയർച്ച എന്ന ചിന്തയിലൂടെ മാത്രമേ നമ്മുടെ ജീവിതത്തിൽ ഭഗവത് സാക്ഷാത്കാരം ലഭിക്കുകയുള്ളൂ.
സംഘ കാര്യം യാന്ത്രികമല്ല, അത് ആദർശത്തിൻ്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്. സംഘ കാര്യത്തിന് തുല്യം ആയി മറ്റൊരു പ്രവർത്തനവും ഈ ലോകത്തിൽ ഇല്ല. സാഗരത്തെ സാഗരത്തോടു ഉപമിക്കുന്നത് പോലെ, ആകാശത്തെ ആകാശത്തോട് ഉപമിക്കുന്ന പോലെ സംഘ കാര്യത്തിന് തുല്യമായി സംഘ കാര്യം മാത്രമേ ഉള്ളൂ. സംഘത്തെ മറ്റൊന്നുമായും താരതമ്യം ചെയ്യാൻ സാധിക്കില്ല. സംഘത്തിന്റെ സംസ്കാരം സ്വയംസേവകരിലൂടെ ഓരോ കുടുംബത്തിലും എത്തുന്നു. ഇത്തരം കുടുംബങ്ങൾ കൂടി ചേർന്ന് സമാജം രൂപപ്പെടുന്നു. ഇതാണ് സംഘത്തിന്റെ വ്യക്തി നിർമാണ പദ്ധതി.
രാഷ്ട്രത്തെ ശക്തി ശാലിയാക്കുന്നതിലൂടെ മാത്രമേ ഭാരതത്തിന് ലോകത്തിൽ ചിരപ്രതിഷ്ഠ നേടാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രം ശക്തമാകുന്നതിലൂടെ മാത്രമേ പ്രവാസികളായ ഭാരതീയർക്കും മറ്റു രാഷ്ട്രങ്ങളിൽ സുരക്ഷ ലഭിക്കുകയുള്ളൂ.
ദുർബല രാഷ്ട്രങ്ങളിൽ ഉള്ള പ്രവാസികൾക്ക് ആ രാജ്യം വിടാനുള്ള നിർദ്ദേശം കൊടുക്കുന്നു. ഭാരതം ശക്തിപ്പെടുക എന്നുള്ളത് അതുകൊണ്ടുതന്നെ ഓരോ പൗരന്റെയും ആവശ്യമാണ്.
ഭാരതം ഹിന്ദു രാഷ്ട്രമാണ്. പ്രാചീനകാലം മുതൽ നാം ഇവിടെ കഴിഞ്ഞു വരുന്നു. ഹിന്ദു ശബ്ദം പിന്നീട് ഉണ്ടായതാണ്. ഇവിടെ താമസിക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ഭാരതീയർക്ക് ഹിന്ദു എന്ന പേര് ലഭിച്ചു. ഹിന്ദു എല്ലാവരെയും തന്റേതെന്ന് കരുതുകയും എല്ലാവരെയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്, മോഹൻ ഭാഗവത് പറഞ്ഞു.
രാജസ്ഥാൻ ക്ഷേത്ര സംഘചാലക് ഡോ. രമേശ് അഗർവാൾ, ചിത്തോഡ് പ്രാന്ത സംഘചാലക് ജഗദീഷ് സിങ് റാണ, ബാരാം വിഭാഗ് സംഘചാലക് രമേഷ് ചന്ദ്ര മേത്ത, ബാരാം ജില്ലാ സംഘചാലക് വൈദ്യരാധെ ശ്യാം ഗർഗ് എന്നിവരും സർസംഘചാലകിന്റെ ഒപ്പം വേദിയിൽ സന്നിഹിതരായിരുന്നു.
അഖിലഭാരതീയ സഹപ്രചാരക് പ്രമുഖ്, അരുൺ ജയിൻ, അഖില ഭാരതീയ കാര്യകാരി സദസ്യൻ സുരേഷ് ചന്ദ്ര, മുതിർന്ന പ്രചാരകൻ രാജേന്ദ്ര, ക്ഷേത്രീയ പ്രചാരക് നിംബാറാം, ക്ഷേത്രീയ കാര്യവാഹ് ജസ്വന്ത് ഖത്രി, ക്ഷേത്രീയ സേവാ പ്രമുഖ് ശിവ് ലഹ്രി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
Discussion about this post