ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികളില്‍ ആവേശം പകര്‍ന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ആര്‍എസ്എസ് വിജയദശമി ആഘോഷം. ഒരുകാലത്ത് മഹിഷാസുര രക്തസാക്ഷിദിനം ആഘോഷിച്ച അതേ കാമ്പസില്‍ വിജയദശമിയുടെ സന്ദേശം പകര്‍ന്ന് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണഗണവേഷത്തില്‍ പഥസഞ്ചലനത്തില്‍ അണിനിരന്നു.
ഹിന്ദു സമൂഹത്തെ തകര്‍ക്കാനുള്ള ആഖ്യാനങ്ങളാണ് സംഘടിതമായി ഒരു വിഭാഗം പ്രചരിപ്പിക്കുന്നതെന്ന് വിജയദശമി പരിപാടിയില്‍ സംസാരിച്ച അഖിലഭാരതീയ അഭിലേഖാഗാര്‍ പ്രമുഖ് അജേയ് പറഞ്ഞു. ഹിന്ദുസമൂഹവും ദര്‍ശനങ്ങളും സ്ത്രീകള്‍ക്കെതിരാണെന്ന് അവര്‍ വ്യാഖ്യാനിക്കുന്നത്. നവരാത്രി ആഘോഷങ്ങളും ദുര്‍ഗാപൂജയും തന്നെ ഇത്തരം ദുരുപദിഷ്ടമായ പ്രചാരണങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുസമാജസംഘടന എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രത്തിന്റെ ആദര്‍ശവും സ്വഭാവവുമാണ് ഹിന്ദുത്വം. അതിന്റെ അടിസ്ഥാനത്തില്‍ സമാജം സംഘടിക്കണം. രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റെടുത്തിരിക്കുന്നത് ഈ ദൗത്യമാണ്. ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ പ്രേരണയും മാതൃകയുമാണ്. ഈ പ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു സ്വയംസേവകരാണ്, അജേയ് പറഞ്ഞു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് യോഗേന്ദ്ര യാദവ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.




Discussion about this post