പൂനെ: ആത്മീയതയില്‍ അധിഷ്ഠിതമായ ജനാധിപത്യമാണ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയായി ഭാരതത്തെ മാറ്റുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. എല്ലാവരെയും അംഗീകരിക്കുന്നതാണ് ഭാരതത്തിന്റെ ജീവിത ദര്‍ശനം. വസുധൈവ കുടുംബകം എന്നതാണ് ആദര്‍ശം. കൊവിഡ് കാലത്ത് ലോകം ചിതറിയപ്പോള്‍ ഭാരതത്തില്‍ ജാതി, മത, ഭാഷ, പ്രദേശ വ്യത്യാസങ്ങള്‍ മറന്നാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി അതിനെ ചെറുത്തത്. അതിന് കാരണം അതുല്യമായ ഈ കാഴ്ചപ്പാടാണെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. പൂനെ ഫെര്‍ഗൂസണ്‍ കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുതയ്ക്കപ്പുറം സര്‍വാശ്ലേഷിയാണ് ഭാരതീയ ജീവിതം. സംസ്‌കാരം ഒന്നാണ്, പക്ഷേ അത് വിവിധ രീതികളില്‍ പ്രകടമാകുന്നു. വിവിധ സംസ്‌കാരങ്ങളല്ല, ഒരേ സംസ്‌കാരത്തിന്റെ വിവിധ രൂപങ്ങളാണ് ഇവിടെയുള്ളത്. എല്ലാവരുടെയും ആരാധനാരീതികളെ ബഹുമാനിക്കുന്ന യഥാര്‍ത്ഥ ആത്മീയ ജനാധിപത്യമാണ് ഭാരതത്തിന്റെ സമ്പ്രദദായം. സമ്പന്നമായ ഈ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമ്പോള്‍ത്തന്നെ അതില്‍ വന്നുചേര്‍ന്നിട്ടുള്ള പിഴവുകള്‍ ഇല്ലാതാക്കേണ്ടത് നമ്മുടെ ചുമതലയാണ്. തൊട്ടുകൂടായ്മ പരിപൂര്‍ണമായും നീക്കം ചെയ്യുകയും സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നത് നമ്മുടെ ദേശീയ സംസ്‌കൃതിയുടെ ഭാഗമാണെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
വികസിത ഭാരതം എന്നതിന്റെ അര്‍ത്ഥം പാശ്ചാത്യരെപ്പോലെ ആകുക എന്നതല്ല. ഭാരതീയ സംസ്‌കൃതിക്ക് അനുസൃതമായി സമൃദ്ധ രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. നമ്മുടെ മുന്‍ തലമുറകള്‍ സ്വാതന്ത്ര്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു. വരും തലമുറകള്‍ക്ക് ഐശ്വര്യപൂര്‍ണമായ ഭാരതത്തെ നല്കാന്‍ നമ്മള്‍ ജീവിതം സമര്‍പ്പിക്കണം, അദ്ദേഹം പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളില്‍ രാഷ്ട്രമെന്ന സങ്കല്പം തന്നെ വന്നത് പതിനാറാം നൂറ്റാണ്ടിലാണ്. എന്നാല്‍ ഇവിടം വേദകാലം മുതല്‍ അത് പ്രചാരത്തിലുണ്ട്. നമുക്ക് രാഷ്ട്രം ഭരണത്തെ അടിസ്ഥാനമാക്കിയല്ല, സമാജത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്ധ്യാത്മിക സാധനയും ഭൗതിക സമൃദ്ധിയും ഒന്നുചേരുന്നതാണ് നമ്മുടെ ദേശീയത. അതാണ് ഹിന്ദുത്വം. അത് ദര്‍ശനമാണ്, ഭാരതത്തിന്റെ ആത്മാവാണ്, ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സന്തോഷ് ഫരാന്‍ഡെ, നെസ്റ്റ് ഫൗണ്ടേഷനിലെ ഡോ. കല്യാണി സന്ത്, ഫെര്‍ഗൂസണ്‍ കോളജിലെ വൈഷ്ണവി സര്‍വജ്ഞ, ഭാര്‍ഗവി ദേശ്മുഖ്, ഡോ. പ്രീതി അഫ്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post