ന്യൂദല്‍ഹി: നാവിക സേനയുടെ കരുത്ത് കുത്തനെ കൂട്ടി ഭാരതത്തിന്റെ നാലാമത്തെ ആണവ അന്തര്‍വാഹിനിയും കടലിലിറങ്ങി. വിശാഖപട്ടണം കപ്പല്‍ നിര്‍മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ബാലിസ്റ്റിക് മിസൈല്‍ ഘടിപ്പിച്ചിട്ടുള്ള അന്തര്‍വാഹിനി നീറ്റിലിറക്കി.
ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഘാത് ആഗസ്ത് 29ന് കമ്മീഷന്‍ ചെയ്തിരുന്നു. നാലാം മുങ്ങിക്കപ്പലിന് ആദ്യത്തെ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹന്തിലേക്കാള്‍ വലിപ്പമുണ്ട്, കൂടുതല്‍ ശേഷിയും. മൂന്നാമത്തെത് അരിദമന്‍ എന്നാണ് അറിയപ്പെടുന്നത്.
v S4* എന്ന കോഡില്‍ തത്ക്കാലം അറിയപ്പെടുന്ന നാലാമത്തെ മുങ്ങിക്കപ്പല്‍ 75ശതമാനവും തദ്ദേശീയമാണ്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതിലുള്ളത്. 750 കിലോമീറ്റര്‍ പരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തിലുള്ളത്.ഐഎന്‍എസ് അരിഹന്തും ഐഎന്‍എസ് അരിഘാതും ആഴക്കടല്‍ പട്രോളിങ്ങിലാണ്.
ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അന്തര്‍വാഹിനി നിര്‍മിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ അടുത്ത പദ്ധതി.
Discussion about this post