ഹൈദരാബാദ്: ആർഎസ്എസ് ദക്ഷിണ മധ്യക്ഷേത്ര മുൻ സംഘചാലകും അവിഭക്ത ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയുമായ ജസ്റ്റിസ് എസ്. പർവതറാവു അന്തരിച്ചു. 90 വയസായിരുന്നു. ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചാൽ മാത്രമേ ജഡ്ജിയാകാൻ അനുവദിക്കൂ എന്ന രാജീവ് ഗാന്ധി സർക്കാരിന്റെ നിലപാട് പർവത റാവു തള്ളിക്കളഞ്ഞത് വാർത്തകളിലിടം പിടിച്ചിരുന്നു. എൻ.ടി. രാമറാവുവിന്റെ ആന്ധ്രാപ്രദേശ് സർക്കാർ പർവത റാവുവിനെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ പേര് ജസ്റ്റിസായി ശിപാർശ ചെയ്തെങ്കിലും, ആർഎസ്എസ് ബന്ധം ഉപേക്ഷിക്കണമെന്ന് കാട്ടി കത്ത് നൽകണമെന്നായിരുന്നു അന്നത്തെ കേന്ദ്ര നിയമമന്ത്രി ശിവശങ്കറിന്റെ ശാഠ്യം. പിന്നീട് അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കാലത്താണ് അദ്ദേഹം ജസ്റ്റിസായത്. 1990 മാർച്ചിലാണ് പർവത് റാവു ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1997 ൽ അദ്ദേഹം വിരമിച്ചു.
വിരമിച്ച ശേഷം സംസ്ഥാന ഉപഭോക്തൃ ഫോറം ചെയർമാനായി. തുടർന്ന് ഭാരതീയ അധിവക്താ പരിഷത്തിന്റെ അധ്യക്ഷനായി. പാരമ്പര്യമായി ലഭിച്ച 30 ഏക്കർ ഭൂമി ഗൗതമി സേവാ സമിതി, ഗോ സേവാ സമിതി തുടങ്ങിയ സേവാപ്രവർത്തനങ്ങൾക്ക് സമർപ്പിച്ചു. അദ്ദേഹം സ്വന്തം ഗ്രാമമായ ഉംഗുതുരുവിലുണ്ടായിരുന്ന ഭൂമി ഡോ.സുങ്കവല്ലി വിജ്ഞാൻഭാരതി സ്കൂളിന് നല്കി.
1935 ൽ ജനിച്ച പർവത റാവു സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ലയോള കോളജിൽ നിന്ന് ബിഎസ്സി ബിരുദം നേടി. 1954ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സ്, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം. മദ്രാസിൽ നിന്ന് നിയമബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഹൈദരാബാദിൽ ദുവ്വുരി നരസരാജുവിനൊപ്പമാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. നിയമത്തിനു പുറമേ മെഡിസിൻ, എൻജിനീയറിങ്, കോർപ്പറേറ്റ് നിയമം തുടങ്ങിയ വിഷയങ്ങളിലും പ്രാവീണ്യം നേടിയിരുന്നു. ലക്ഷ്മികാന്തയാണ് ഭാര്യ.
അർപ്പണബോധമുള്ള പ്രവർത്തകനായിരുന്നു പർവതറാവു എന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി നിരവധി പ്രമുഖർ അനുശോചനം അറിയിച്ചു.
Discussion about this post