ചന്ദ്രപൂർ (മഹാരാഷ്ട്ര): വിദ്യാലയ നടത്തിപ്പിനോട് സേവാ മനോഭാവമാണ് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് . വിദ്യാഭ്യാസവും ആരോഗ്യവും ഇപ്പോൾ ചെലവേറിയതാണ്, ചിലർ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തോടെ സ്കൂളുകൾ നടത്തുന്നു. എന്നാൽ സേവന ഭാവത്തിൽ ഒരു സ്കൂൾ നടത്തുക എന്നത് ഈശ്വരീയമാണ്. ഈ വ്രതാനുഷ്ഠാനം അച്ചടക്കത്തോടെയും ഭക്തിയോടെയും ചെയ്യേണ്ടതാണ്, അദ്ദേഹം പറഞ്ഞു. സൻമിത്ര സൈനിക വിദ്യാലയ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയ പ്രവർത്തനം മാനേജ്മെൻ്റിൻ്റെ മാത്രമല്ല സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്തമാണെന്ന് സർസംഘചാലക് പറഞ്ഞു. അതിജീവനത്തിനായി വിദ്യാഭ്യാസം എന്നത് ഇടുങ്ങിയ നിർവചനമാണ്. മനുഷ്യനെ ചിന്താശീലരാക്കുക എന്നതാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ ലക്ഷ്യം. വിദ്യാഭ്യാസം അറിവ് നൽകുകയും അതുവഴി സഹാനുഭൂതി സൃഷ്ടിക്കുകയും ചെയ്യണം. മറ്റുള്ളവരെയും പരിഗണിക്കുന്ന വിദ്യാഭ്യാസമാണ് ഉണ്ടാകേണ്ടത്. സ്വന്തമായി പഠിച്ച് കുടുംബജീവിതം മെച്ചപ്പെടുത്തുന്നവൻ നല്ലയാളാകാം. എന്നാൽ കുടുംബത്തിനും ഗ്രാമത്തിനും വേണ്ടി പ്രയത്നിക്കുന്നയാളാണ് കൂടുതൽ ബഹുമാനം അർഹിക്കുന്നത്. രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചവരെയാണ് കാലങ്ങൾ പിന്നിട്ടാലും ജനങ്ങൾ ഓർമ്മിക്കുക. സ്വാമി വിവേകാനന്ദൻ്റേത് പോലെ അർത്ഥപൂർണ ജീവിതങ്ങൾ വിദ്യാലയങ്ങളിൽ നിന്നും വളരണം, സർസംഘചാലക് പറഞ്ഞു.
സൻമിത്ര മണ്ഡലം പ്രസിഡൻ്റ് ഡോ. പർമാനന്ദ് അന്ദങ്കർ, സെക്രട്ടറി നിലേഷ് ചോർ, സ്കൂൾ പ്രിൻസിപ്പൽ അരുന്ധതി കവദ്കർ, കമാൻഡൻ്റ് സുരേന്ദ്ര കുമാർ റാണ എന്നിവർ പങ്കെടുത്തു.
Discussion about this post