ഭാഗ്യനഗര്‍(തെലങ്കാന): ഭാരതീയ സംസ്‌കൃതി രൂപപ്പെട്ടത് വനമേഖലകളിലും നദീതീരങ്ങളിലുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവനത്തിന്റെ മറവില്‍ വനവാസി സമൂഹത്തെ ഭാരതീയസംസ്‌കാരത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ സജീവമാണ്. വികസനത്തിന്റെ പേരില്‍ വനങ്ങള്‍ നശിപ്പിക്കാനും നീക്കം നടക്കുന്നു. ഇത്തരം അപകടങ്ങളില്‍ നിന്ന് വനജീവിതത്തെ സംരക്ഷിക്കേണ്ടത് മുഴുവന്‍ ഭാരതത്തിന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാഗ്യനഗറിലെ കോട്ടി വൈഎംഐഎസ് മന്ദിരത്തില്‍ വനവാസി കല്യാണ്‍ ആശ്രമം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്വാശ്രയത്വം തുടങ്ങിയ മേഖലകളില്‍ വനവാസി ജനതയുടെ വികസനത്തിനായാണ് കല്യാണാശ്രമം പ്രവര്‍ത്തിക്കുന്നതെന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും വനവാസി സമൂഹങ്ങളെ ഒരു പൊതുവേദിയില്‍ കൊണ്ടുവരാനുള്ള വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പരിശ്രമം ജനങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തി.
നഗരങ്ങളിലും ഗ്രാമങ്ങളിലും വനമേഖലകളിലും താമസിക്കുന്നവരെ ഒരുമിപ്പിക്കുന്നതിന് മഹാപ്രസ്ഥാനം ഉണ്ടാകണം. ഹിന്ദവ: സോദര സര്‍വേ: എല്ലാ ഹിന്ദുക്കളും സോദരരാണ് എന്നതാണ് മന്ത്രം. നഗര, ഗ്രാമ, വനവാസികളെല്ലാം ഭാരതീയരാണെന്ന ഒരേ വിചാരഗതി എല്ലാവരെയും നയിക്കണം.
രാജ്യത്ത് 10 കോടിയിലധികം വനവാസികള്‍ ഉണ്ട്. നമ്മുടെ സംസ്‌കാരത്തിന്റെ പരിണാമത്തില്‍ വനവാസികള്‍ക്ക് പ്രധാന പങ്കുണ്ട്. വനവാസികളുടെ ചരിത്രമില്ലാതെ രാജ്യത്തിന്റെ ചരിത്രം രൂപപ്പെടുത്തുക അസാധ്യമാണ്. വനവാസി സമൂഹം പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ആധുനിക മനുഷ്യര്‍ സുഖസൗകര്യങ്ങള്‍ക്കായി പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ വനവാസികള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. വെള്ളം, ഭൂമി, വനം, മൃഗങ്ങള്‍ എന്നിവയെ സംരക്ഷിച്ച് അവയ്ക്ക് ചുറ്റുമായി സന്തോഷകരവും സംതൃപ്തവുമായ ജീവിതം കെട്ടിപ്പടുക്കുകയുമാണ് വനവാസികള്‍ ചെയ്യുന്നത്.
വനജീവിതമില്ലാതെ ജീവിതം അഭിവൃദ്ധി പ്രാപിക്കില്ലെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. നഗര, ഗ്രാമജീവിതങ്ങള്‍ ആശ്രയിക്കുന്നത് വനത്തെയാണ്. വനങ്ങളില്‍ നിന്ന് ആവശ്യത്തിന് എടുക്കുമ്പോള്‍ത്തന്നെ വനങ്ങളെ പൂര്‍ണമായും ആശ്രയിക്കുന്നവരെ സേവിക്കുന്നത് കടമയാണെന്ന് എല്ലാവരും ഓര്‍ക്കണം, സര്‍കാര്യവാഹ് പറഞ്ഞു.
മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് എംഡി ഡോ. കുരസാം പദ്മജ, ഇക്സോറിയല്‍ കാര്‍ത്തികേയ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സിഎംഡി ഭഗവതി ബല്‍ദ്വ, വനവാസി കല്യാണ്‍ ആശ്രമം ദേശീയ വൈസ് പ്രസിഡന്റ് ഡോ. നാഗു, തെലങ്കാന മേഖലാ സമിതി അംഗം ആചാര്യ ആപ്ക നാഗേശ്വര റാവു, ദക്ഷിണ മധ്യ ക്ഷേത്ര സംഘടനാ സെക്രട്ടറി താഡിപ്പള്ളി ശിവരാമ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
Discussion about this post