അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ വാര്‍ഷിക ദിനമായ പ്രതിഷ്ഠാ ദ്വാദശിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. പുതുവര്‍ഷം പിറന്ന ആദ്യദിനം മാത്രമെത്തിയത് പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍. ഒരേ സമയം രണ്ട് ലക്ഷത്തിലധികം ഭക്തര്‍ രണ്ട് കിലോമീറ്ററോളം നീളത്തില്‍ വരി നിന്നാണ് ദര്‍ശനവും ആരാധനയും നടത്തിയത്. അയോദ്ധ്യ കണ്ടതില്‍ വച്ചേറ്റവും വലിയ തിരക്കാണ് ഈ ദിവസം അനുഭവപ്പെട്ടത്.
കടുത്ത തണുപ്പിനെ വകവയ്ക്കാതെയാണ് ജയ് ശ്രീറാം വിളികളോടെ പുലര്‍ച്ചെ മുതല്‍ അയോദ്ധ്യയുടെ തെരുവുകളില്‍ തീര്‍ത്ഥാടകര്‍ നിറഞ്ഞത്. പുതുവര്‍ഷം ശ്രീരാമദര്‍ശനത്തോടെ ആരംഭിക്കുക എന്ന പുതിയ ശീലത്തിലേക്ക് നാട് മാറുന്നതിന്റെ സൂചനയാണിതെന്ന് തീര്‍ത്ഥക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.
പത്ത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയെങ്കിലും അവരില്‍ രണ്ട് ലക്ഷത്ത് പന്ത്രണ്ടായിരം പേര്‍ക്കാണ് ആദ്യദിവസം ദര്‍ശനം സാധ്യമായത്. മറ്റുള്ളവര്‍ ഹനുമാന്‍ഗഡി അടക്കമുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ശ്രീരാമദര്‍ശനത്തിനായി അയോദ്ധ്യയില്‍ തങ്ങി.
Discussion about this post