സൂററ്റ്(ഗുജറാത്ത്): പൊതു സിവില്‍ നിയമം പുരോഗമനപരമായ നിയമ നിര്‍മാണമാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ദേശീയോദ്ഗ്രഥനത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് അത്. എന്നാല്‍ അത് നടപ്പാക്കുന്നതിലെ വെല്ലുവിളികള്‍ സമവായത്തിലൂടെ വേണം മറികടക്കാനെന്ന് അദ്ദേഹം പറഞ്ഞു. സൂററ്റ് ലിറ്റ്‌ഫെസ്റ്റില്‍ ‘ജുഡീഷ്യറിയിലെ വെല്ലുവിളികള്‍’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ബാധിക്കുന്നതല്ല പൊതുസിവില്‍ നിയമം. അതേസമയം സാമൂഹിക രചനയുടെ ഭാഗമായ ദത്തെടുക്കല്‍, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയവിയിലെ പ്രശ്‌നങ്ങള്‍ ഇത് പരിഹരിക്കും. സമവായം നിര്‍ണായകമാണ്, തെറ്റായ വിവരങ്ങളെ പ്രതിരോധിക്കണം. രാഷ്ട്രത്തെ ഒന്നിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമാണിതെന്നും പരസ്പരവിരുദ്ധമായ നിരവധി നിയമങ്ങള്‍ ഒരു രാജ്യത്തിന് താങ്ങാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാതിക്കാര്‍ക്ക് നീതി ലഭ്യമാക്കുന്നതിലെ കാലതാമസം പരിഹരിക്കാന്‍ രാജ്യത്തെ ജഡ്ജിമാരുടെ എണ്ണം നിലവിലെ 24000ല്‍ നിന്ന് കുറഞ്ഞത് ഒരു ലക്ഷമായി ഉയര്‍ത്തണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. നിലവില്‍ അഞ്ച് കോടി കേസുകള്‍ തീര്‍പ്പാക്കാനുണ്ട്. 2019 ല്‍ ഞാന്‍ വിരമിക്കുമ്പോള്‍ അത് മൂന്ന് കോടിയായിരുന്നു. പരിഹാരം കൈയെത്തും ദൂരത്തല്ല, അത് നടപ്പിലാക്കാന്‍ ഇച്ഛാശക്തിയും ധൈര്യവും ആവശ്യമാണ്. പല കേസുകളിലും വ്യവഹാരക്കാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല, അവരുടെ അനന്തരാവകാശികള്‍ കേസുമായി ബന്ധപ്പെട്ടിട്ടില്ല. ഇത്തരം ഡെഡ് കേസുകള്‍ അവസാനിപ്പിക്കണം.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ഞാന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ്, ഓരോ തവണയും മാതൃകാ പെരുമാറ്റച്ചട്ടം. ഇത് ഭരണത്തെ തടസപ്പെടുത്തുന്നതാണ്, രഞ്ജന്‍ ഗോഗോയ് പറഞ്ഞു.
Discussion about this post