ന്യൂദൽഹി: ഭാരതീയ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി സംഭവിച്ച നഷ്ടങ്ങൾ നികത്താൻ കരുത്തുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വേദകാല വിദ്യാഭ്യാസ സമ്പ്രദായം, പാരമ്പര്യങ്ങൾ, വിശ്വാസങ്ങൾ, ജീവിത മൂല്യങ്ങൾ എന്നിവയിലൂടെ രൂപപ്പെട്ടതാണ് ഭാരതീയ വിജ്ഞാന ധാരയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെക്കാളെ പ്രഭു അടിച്ചേൽപ്പിച്ച വിദ്യാഭ്യാസ സമ്പ്രദായം നമ്മുടെ പാരമ്പര്യത്തിനും മൂല്യങ്ങൾക്കും വലിയ ദോഷമാണ് വരുത്തിവച്ചത്. എന്നാൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിലും വേദ വിദ്യാഭ്യാസ സമ്പ്രദായത്തിലും പ്രവർത്തിക്കുന്ന മനീഷികൾ നമ്മുടെ മഹത്തായ വിദ്യാഭ്യാസ സമ്പ്രദായം പുനഃസ്ഥാപിക്കുന്നതിൽ ഒരു പ്രധാന സംഭാവന നൽകി, അദ്ദേഹം പറഞ്ഞു.
വിവേകാനന്ദ ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാഭ്യാസ വിദഗ്ദ്ധനും ചിന്തകനുമായ രാജീവ് മൽഹോത്രയും വിജയ വിശ്വനാഥനും ചേർന്ന് രചിച്ച ‘ഹൂ ഈസ് റൈസിങ് യുവർ ചിൽഡ്രൻ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ദത്താത്രേയ ഹൊസബാളെ.
ഭാരതീയ ജീവിത മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകം ഏറെ ഗുണം ചെയ്യുമെന്ന് സർകാര്യവാഹ് പറഞ്ഞു. ധാരാളം ഗവേഷണങ്ങളുടെയും പരമ്പരാഗത വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയത്.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും സമൂഹത്തിനും എതിരായി നിരവധി അന്താരാഷ്ട്ര സംഘടനകളും സ്ഥാപനങ്ങളും ഗൂഢാലോചന നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് മൽഹോത്രയെയും വിജയ വിശ്വനാഥനെയും പോലുള്ളവർ അത്തരം പരിശ്രമങ്ങളെ എതിർക്കുകയും സത്യം രാജ്യത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു. വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രസിഡന്റ് അരവിന്ദ് ഗുപ്ത അധ്യക്ഷത വഹിച്ചു.
Discussion about this post