കൊൽക്കത്ത: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ രാജ്യത്തിന്റെ പുരോഗതിക്കായിട്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമൂഹത്തിന്റെ പരിവർത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചരിത്രപരമായിത്തന്നെ എല്ലാവരുമായി സൗഹൃദബന്ധമാണ് ഭാരതം പിൻതുടരുന്നത്. എന്നാൽ മറ്റുള്ളവർ അവരവരുടെ താത്പര്യങ്ങൾക്കാണ് മുൻ തൂക്കം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ബർധമാൻ ജില്ലയിലെ പുർബ സായ് ഗ്രൗണ്ടിൽ നടന്ന ആർഎസ്എസ് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
സാധാരണ നാനാത്വത്തിൽ ഏകത്വമെന്നാണ് പറയാറ്. എന്നാൽ ഈ വൈവിധ്യമാണ് ഏകത്വമെന്ന് തിരിച്ചറിഞ്ഞ് ഉൾക്കൊണ്ടാണ് ഹിന്ദുസമൂഹം മുന്നോട്ടുപോകുന്നത്. ഉത്തരവാദിത്വ സമൂഹമാണ് ഹിന്ദു സമൂഹം. അതുകൊണ്ടുതന്നെ ഹിന്ദു സമൂഹത്തിന്റെ ഐക്യം അനിവാര്യമാണ്. രാജ്യത്തിന്റെ സ്വഭാവത്തോട് ഇണങ്ങാൻ സാധിക്കാത്തവരാണ് പ്രത്യേക രാഷ്‌ട്രം ഉണ്ടാക്കിയത്.
വിഘടിച്ച് കിടന്ന ഭാരതത്തെ ഒന്നാക്കിയെന്നാണ് ബ്രിട്ടീഷുകാരുടെ വാദം. തങ്ങളാണ് ഭാരതം സൃഷ്ടിച്ചതെന്ന് ബ്രിട്ടീഷുകാർ പഠിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മഹാത്മാ
ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ശാഖകളിലൂടെ ഭാരതത്തെ ശക്തമാക്കുവാനും ജനങ്ങളെ ഒന്നാക്കുവാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നത്. വ്യക്തികൾക്കുള്ളതാണ് കുടുംബം. കുടുംബങ്ങൾ രാഷ്‌ട്രത്തിനുള്ളതാണ്. രാഷ്‌ട്രം മനുഷ്യനുള്ളതാണ്, സർസംഘചാലക് പറഞ്ഞു.
Discussion about this post