ലഖ്നൗ: നാടന്‍ പാട്ടുകളില്‍ പ്രതിഫലിക്കുന്നത് സാമൂഹിക സൗഹാര്‍ദത്തിന്റെ സന്ദേശമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന്റെ ആത്മാവ് ഒന്നാണ്. അത് പല രൂപത്തില്‍ പ്രകടിതമാകുന്നു. സംസ്‌കാരം ഒന്നാണ്, അതിന്റെ ആവിഷ്‌കാരങ്ങള്‍ പലതാണ്. പ്രകൃതിയും മനുഷ്യനും ഒന്നിക്കുമ്പോഴാണ് നാടോടി കലകള്‍ രൂപം കൊള്ളുന്നത്, സര്‍കാര്യവാഹ് പറഞ്ഞു. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നാടോടി ഗായിക പത്മശ്രീ മാലിനി അവസ്തിയുടെ ‘ചന്ദന്‍ കിവാഡ്’ എന്ന പുസ്തകം രപ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുസ്തകങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. എന്നാല്‍ ജീവിതാനുഭൂതി നിലനില്‍ക്കുന്നത് സാംസ്‌കാരിക ചരിത്രം, പാട്ടും കഥയും നൃത്തവുമടക്കമുള്ള നാടോടി കലകള്‍, ഭാരതത്തിലെ ആയിരക്കണക്കിന് ഭാഷകള്‍ എന്നിവയിലാണ് ഉള്ളത്. എള്ളും നെല്ലും വിളയുന്ന ഭൂമി എന്റെ അമ്മയാണ്. രാവിലെ ഉണരുമ്പോള്‍ ആദ്യം ആ അമ്മയെ വണങ്ങണം എന്ന് അര്‍ത്ഥമുള്ള ഒരു കന്നട നാടോടിപ്പാട്ടുണ്ട്. മാതാ ഭൂമി: പുത്രോഹം പൃഥിവ്യ: എന്ന വേദഗീതി തന്നെയാണ് ഇതിന്റെയും താല്പര്യം.
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ സംസ്‌കൃതിയെ പൂര്‍വികര്‍ കൈമാറിയത് പാട്ടിലൂടെയാണ്. വാമൊഴിയുടെ ഈ പാരമ്പര്യമാണ് നാടോടി കലകളുടെ അടിത്തറ. സ്ത്രീയെ ദേവിയായി കാണുന്ന സംസ്‌കാരം ഭാരതീയ പാരമ്പര്യത്തിന്റെ സവിശേഷതയാണ്. സെമിറ്റിക് മതങ്ങള്‍ സ്ത്രീത്വത്തില്‍ ദൈവികത കണ്ടില്ല; എന്നാല്‍ പുരാതനഭാരതത്തിന്റെ പ്രഭാവം മൂലം സെമിറ്റിക് മതത്തിന് മുമ്പ് നിലനിന്നിരുന്ന ചില നാഗരികതകളും സ്ത്രീയെ ദേവതയായി കണ്ടു. നമുക്ക് ശക്ത്യാരാധന എന്നത് തന്നെ ദേവീ പൂജയാണ്, ഹൊസബാളെ പറഞ്ഞു.
ഭാരതം അധ്വാനത്തെ ആരാധനയായി കാണുന്ന നാടാണ്. ഈ ഭാവനയാണ് നമ്മുടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. തൊഴിലിനോടുള്ള ഈ ആരാധനാഭാവം നാടന്‍ പാട്ടുകളിലൂടെയാണ് സംരക്ഷിക്കപ്പെടുകയും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തത്. വരും തലമുറയെ സംസ്‌കാരമുള്ളവരാക്കാന്‍ മാതൃഭാഷ ജീവിതത്തിന്റെ ഭാഗമാക്കണം. എല്ലാ ഭാഷയും പഠിക്കാം. പക്ഷേ മാതൃഭാഷയ്ക്ക് ഒന്നാം സ്ഥാനം നല്കണം. കന്നടയാണ് എന്റെ മാതൃഭാഷ. ഞാന്‍ ഇംഗ്ലീഷില്‍ എംഎ ചെയ്തിട്ടുണ്ട്. ഹിന്ദി സംഘത്തില്‍ നിന്ന് പഠിച്ചതാണ്, അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ആര്‍എസ്എസ് അഖില ഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് രാജേന്ദ്ര, പ്രാന്ത പ്രചാരക് കൗശല്‍, രാഷ്ട്രധര്‍മ്മ ഡയറക്ടര്‍ മനോജ്കാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.



Discussion about this post