ന്യൂദല്‍ഹി: സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്നുപോകുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. സംസ്‌കാര്‍ ഭാരതി സംഘടിപ്പിച്ച ‘ഭരത മുനി സമ്മാന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നേറ്റത്തിന്റെ ഈ കാലത്ത് ചുവടുവയ്പുകള്‍ സശ്രദ്ധം വേണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അധിനിവേശ ശക്തികളും അവരുടെ ആശയങ്ങള്‍ പിന്തുടരുന്നവരും ഇല്ലാതാക്കാന്‍ ശ്രമിച്ചത് നമ്മുടെ സാംസ്‌കാരിക ജീവിതത്തെയാണ്. അതുകൊണ്ടുതന്നെ നവോത്ഥാനകാലം ജാഗ്രതയുടേതുമായിരിക്കണമെന്ന് ഷെഖാവത്ത് ഓര്‍മ്മിപ്പിച്ചു.

കഠിനമായ സാധനയാണ് വിജയത്തിനാധാരമെന്ന് പരിപാടിയില്‍ സംസാരിച്ച ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി ചൂണ്ടിക്കാട്ടി. ഭരതമുനിയുടേത് സാധനയുടെ പാതയാണ്. വാക്കിനും സ്വരത്തിനും വര്‍ണങ്ങള്‍ക്കും അതിന്റേതായ ലോകമുണ്ട്. ആവിഷ്‌കാരങ്ങളുടെ മറ്റൊരു ലോകവും ഉണ്ട്. ഭരതമുനിനാട്യശാസ്ത്രത്തിലൂടെ ഇവയുടെ ഏകലോകം സൃഷ്ടിച്ചു. ഗണിതവും സംഗീതവുമാണ് ലോകം മുഴുവന്‍. ലോകക്ഷേമത്തിന് ഒരോ മനുഷ്യനും സംസ്‌കാര സമ്പനന്നനാകണം. സംസ്‌കാര ശൂന്യതയുള്ള രാജ്യത്തിന് ഒരിക്കലും പുരോഗതി പ്രാപിക്കാനാവില്ല, അദ്ദേഹം പറഞ്ഞു.
പ്രശസ്ത കഥക് നര്‍ത്തകി ഡോ. കുംകും ധര്‍, ആധുനിക സംസ്‌കൃത സാഹിത്യത്തിലെ പ്രമുഖ കവി ഡോ. ഹരേകൃഷ്ണ മെഹര്‍ എന്നിവര്‍ക്ക് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ഭരതമുനി സമ്മാന്‍ സമര്‍പ്പിച്ചു. സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. മൈസൂര്‍ മഞ്ജുനാഥ് പങ്കെടുത്തു.
Discussion about this post