വിജയവാഡ: മഹാകുംഭമേളയുടെ വിസ്മയിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ആന്ധ്രപ്രദേശില്‍ ഗോദാവരി പുഷ്‌കരത്തിന് ഒരുക്കങ്ങള്‍ തുടങ്ങുന്നു. കുംഭമേളയ്ക്കായി യുപി സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ പഠിക്കാന്‍ ആന്ധ്രപ്രദേശ് സംസ്ഥാന മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി പോങ്കുരു നാരായണയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് ദിവസമാണ് പ്രയാഗ് രാജില്‍ യാത്ര ചെയ്തത്.
കുംഭമേള പ്രത്യേക ഓഫീസര്‍ വിജയ് കിരണ്‍ ആനന്ദ് പരിപാടിയുടെ അടിസ്ഥാന സൗകര്യ ക്രമീകരണങ്ങളെ കുറിച്ച് പവര്‍ പോയിന്റ് വഴി ആന്ധ്ര പ്രദേശ് സംഘത്തിന് വിശദമായ വിവരങ്ങള്‍ നല്കി.
കുംഭമേള സെക്ടര്‍ 2 ല്‍ നിന്ന് ത്രിവേണി സംഗമത്തിലേക്ക് ബോട്ടില്‍ യാത്ര ചെയ്ത് പ്രതിനിധി സംഘം സ്ഥലപരിശോധനയും നടത്തി. പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസും മഹാ കുംഭ ശുചീകരണത്തിന് മേല്‍നോട്ടം വഹിക്കുന്ന കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും സംഘം സന്ദര്‍ശിച്ചു.
ഖര-ദ്രവ മാലിന്യ സംസ്‌കരണം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ചന്ദ്രമോഹന്‍ ഗാര്‍ഗ് മന്ത്രി പോങ്കുരു നാരായണയ്ക്ക് വിശദീകരിച്ചു. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കലെത്തുന്ന ആഷാഢ ചതുര്‍ദശിയിലെ പുഷ്‌കരത്തിന് 2027ലാണ് ഗോദാവരീതീരം വേദിയാകുന്നത്.
Discussion about this post