പൂനെ: സമൂഹത്തിന് വേണ്ടതെല്ലാം ചെയ്യാന്‍ ഓരോ വ്യക്തിക്കും ത്തരവാദിത്തമുണ്ടെന്നും എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന ചിന്ത തെറ്റായ പാശ്ചാത്യ ആശയമാണെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സുരക്ഷ, നീതി, തുടങ്ങി ചെറുതും വലുതുമായ ചില കാര്യങ്ങള്‍ സര്‍ക്കാരിന് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ സമൂഹത്തിന് ആവശ്യമായ എല്ലാം ചെയ്യേണ്ട കടമ സമൂഹത്തിന്റേത് തന്നെയാണ്. ഈ വിശ്വാസം സമൂഹത്തില്‍ പുനഃസ്ഥാപിക്കണം. ഇതിനായി ജനകല്യാണ്‍ സമിതി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കണം, സഹസര്‍കാര്യവാഹ് പറഞ്ഞു.
പൂനെയില്‍ ജനകല്യണ്‍ സമിതി’ സംഘടിപ്പിച്ച പൂജനീയ ശ്രീഗുരുജി പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനും രാജസ്ഥാനിലെ കോട്ട ജില്ലയിലെ ‘ഗോയല്‍ ഗ്രാമീണ വികാസ് സന്‍സ്ഥാനും ശ്രീഗുരുജി പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
ആര്‍എസ്എസ് വ്യക്തിനിര്‍മാണപ്രക്രിയ നടത്തുന്നത് നിശബ്ദമായാണെന്ന് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. യുവശക്തി പാഴാക്കുകയാണ് സംഘം ചെയ്യുന്നതെന്ന വിമര്‍ശനം ആദ്യകാലത്ത് പലരും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സമൂഹത്തിന്റെ എല്ലാ ദുഃഖവും സ്വന്തമെന്ന് കരുതി സ്വയംസേവകര്‍ ആയിരക്കണക്കിന് സേവാപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സമൂഹത്തിന് ആവശ്യമായ സേവാപ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ഒപ്പം ചേര്‍ത്ത് നടത്തിയതാണ് സംഘത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തന ശൈലി, കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.
അനുകമ്പയും സംവേദനക്ഷമതയുമാണ് ആത്മീയതയുടെ വേരുകള്‍. പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള ഈ ആത്മീയ അനുഭൂതിയുടെ പ്രതീകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൈവരിച്ച നേട്ടങ്ങളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീജേഷ് പറഞ്ഞു. അങ്ങനെയുള്ള താരങ്ങളെ രാജ്യത്തിനായി കണ്ടെത്തണം. ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡലില്‍ നിന്ന് സ്വര്‍ണമെഡലിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് മുന്നിലെന്ന് ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. ജൈവകൃഷിയും ഗവേഷണപ്രവര്‍ത്തനങ്ങളും വഴി രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ മാതൃകകള്‍ നിര്‍മ്മിക്കുകയാണ് ഗോയല്‍ ഗ്രാമീണ വികാസ് സന്‍സ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് താരാചന്ദ് ഗോയല്‍ പറഞ്ഞു.
ശ്രീസങ്കേശ്വര്‍ പീഠാധിപതി സ്വാമി ശങ്കരാചാര്യ, ആര്‍എസ്എസ് പൂനെ മഹാനഗര്‍ സംഘചാലക് രവീന്ദ്ര വഞ്ജാര്‍വാഡ്കര്‍, ജന കല്യാണ്‍ സമിതി അധ്യക്ഷന്‍ ഡോ.അജിത് മാറാട്ടെ, ജോയിന്റ് ട്രഷറര്‍ ചന്ദന്‍ കടാരിയ, സേവാഭാരതി’ സംഘടനാ സെക്രട്ടറി പ്രദീപ് സബ്നിസ് എന്നിവര്‍ സംസാരിച്ചു.


Discussion about this post