ഭോപാല്‍: സമൂഹത്തെ ധാര്‍മ്മികമായി മുന്നോട്ടുനയിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭോപാല്‍ ശാരദാ വിഹാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാഭാരതി പൂര്‍ണസമയ പ്രവര്‍ത്തകരുടെ അഞ്ച് ദിവസത്തെ പരിശീലനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സാങ്കേതികവിദ്യ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സാങ്കേതിക വിദ്യയുടെ വിനിയോഗത്തിന് മാനുഷികമായ നയം രൂപീകരിക്കണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ എന്ത് തെറ്റുണ്ടായാലും അത് അംഗീകരിച്ചുകൊള്ളണമെന്ന ധാരണ പാടില്ല. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കുകയും നല്ലതിനെ സ്വീകരിക്കുകയും വേണം, മോഹന്‍ ഭാഗവത് പറഞ്ഞു.
സത്യത്തിന്റെ പാത പിന്തുടര്‍ന്ന് മൂല്യങ്ങളെ നിലനിര്‍ത്തിയതാണ് ഭാരതീയ ജീവിതത്തിന്റെ സവിശേഷത. ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മാനവികതയ്ക്കാതെ ദിശാബോധം പകരേണ്ട മഹത്തായ ഉത്തരവാദിത്തമാണ് നമ്മുടെ രാഷ്ട്രത്തിനുള്ളതെന്ന് സര്‍സംഘചാലക് പറഞ്ഞു.
വ്യക്തിയില്‍ വരുത്തുന്ന പരിവര്‍ത്തനത്തിലൂടെയേ സമാജ പരിവര്‍ത്തനം സാധ്യമാവൂ. വിദ്യാര്‍ത്ഥികളില്‍ ജീവിതമൂല്യങ്ങള്‍ പകരുന്ന വിദ്യാഭ്യാസ പദ്ധതിയാണ് വിദ്യാഭാരതിയുടെ സവിശേഷത. ഈ പ്രവര്‍ത്തനം അറിവ് നല്‍കുന്നതില്‍ മാത്രം പരിമിതപ്പെടുന്നതല്ല, അതിനുമപ്പുറം സമൂഹത്തെ ധാര്‍മ്മികമായി പുരോഗതിയിലേക്ക് നയിക്കുന്നതുമാണ്.
കാലത്തിനനുസരിച്ച് ലോകത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. ഇത് അനിവാര്യവും സ്വാഭാവികവുമാണ്. സ്വന്തം ബുദ്ധിവിശേഷംകൊണ്ട് സൃഷ്ടിക്കുന്ന ഈ മാറ്റം ഭാവാത്മകമാണെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും മനുഷ്യനുണ്ട്.
എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് ഭാരതീയ സംസ്‌കാരത്തിന്റെ സവിശേഷത. അത് നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. എല്ലാത്തിലും അവനവനെ കാണുന്ന, സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് താനുമെന്ന് ചിന്തിക്കുന്ന മനസുകള്‍ ഓരോ വ്യക്തിയിലും രൂപപ്പെടണം. നമ്മുടെ പരിശ്രമങ്ങള്‍ ഒരു വിഭാഗത്തിന്റെ മാത്രം ക്ഷേമത്തിനുള്ളതല്ല, മറിച്ച് മുഴുവന്‍ സമൂഹത്തിന്റെയും ക്ഷേമമാണ് ലക്ഷ്യമാക്കേണ്ടത്. നമ്മുടെ ഊര്‍ജവും വിഭവങ്ങളും സമൂഹത്തിന്റെയാകെ പുരോഗതിക്കായി സമര്‍പ്പിക്കണം. ചുറ്റുപാടും നിരവധി ആശയധാരകളുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. വിയോജിപ്പുള്ളവരെയും ഒരുമിച്ചു കൊണ്ടുപോകും വിധം പ്രവര്‍ത്തനത്തിന്റെ ദിശ നേരെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭാരതി ദേശീയ അധ്യക്ഷന്‍ ഡി.രാമകൃഷ്ണ റാവു ആമുഖ ഭാഷണം നടത്തി.




Discussion about this post