സുപൗൽ (ബീഹാർ):മൂല്യങ്ങൾ പകർന്ന് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നതാകണം വിദ്യാഭ്യാസമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഇക്കാലത്ത് സ്കൂൾ നടത്തിപ്പ് ഒരു ബിസിനസ് ആയി മാറിയിരിക്കുന്നു. ഭാരതീയ സംസ്കാരത്തിൽ വിദ്യാഭ്യാസം പണം സമ്പാദിക്കാനുള്ള ഒരു മാർഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ സുപൗലിൽ സരസ്വതി വിദ്യാമന്ദിറിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സർസംഘചാലക്.
വിദ്യാഭ്യാസം വയറു നിറയ്ക്കാനുള്ളതല്ല. മൃഗങ്ങളും പക്ഷികളും പോലും വയറു നിറയ്ക്കും. ഒരു വ്യക്തിക്ക് സ്വയം പോറ്റാനും കുടുംബത്തെ പോറ്റാനും മാത്രമേ കഴിയൂ എങ്കിൽ വിദ്യാഭ്യാസത്തിന് അർത്ഥമെന്താണ്, അദ്ദേഹം ചോദിച്ചു.
നമ്മുടെ പ്രവൃത്തിയെ അടിസ്ഥാനമാക്കയാണ് വിധി അനുകൂലമായി മാറുന്നത്. ചെയ്യുന്നതെന്തും സത്യത്തെ അടിസ്ഥാനമാക്കിയാകണം. പ്രവൃത്തി ജനങ്ങൾക്ക് പ്രയോജനകരമാകണം. സമർപ്പിത ഭാവത്തോടെ ലോകക്ഷേമത്തിനായി യത്നിക്കണം. വിദ്യാഭ്യാസം ഒരു വ്യക്തിയിൽ സ്വാർത്ഥത നിറയ്ക്കുന്നതാകരുത്. സ്വന്തമെന്ന ഭാവത്തോടെ സമാജത്തെ കാണുന്ന സംസ്കാരമാണ് വിദ്യാഭ്യാസം പകരേണ്ടത്. ഭാരതം ഒന്നാണ്, നാമെല്ലാവരും ഈ ദേശത്തിന്റെ മക്കളാണ് എന്ന ചിന്ത സമൂഹത്തിൽ വ്യാപിക്കണം, മോഹൻ ഭാഗവത് പറഞ്ഞു.
ത്യാഗത്തെ ആരാധിക്കുന്ന നാടാണ് ഭാരതം. ഭാരതത്തിൻ്റെ തണലിൽ ലോകത്താകെ സമാധാനത്തിനും സന്തോഷത്തിനും വഴിയൊരുക്കുന്ന തരത്തിൽ ഒരു വിദ്യാഭ്യാസ സമ്പ്രദായം വികസിക്കണം, സർസംഘചാലക് പറഞ്ഞു.





Discussion about this post