ലഖ്‌നൗ : ഖലിസ്ഥാൻ ഭീകരനായ ലാസർ മാസിഹിനെ അറസ്റ്റ് ചെയ്ത് യുപി സ്പെഷൽ ടാസ്ക് ഫോഴ്സ്. പ്രയാഗ്രാജിന് സമീപത്തെ ജില്ലയായ കൗശാമ്പിയിൽ നിന്നുമാണ് ഇയാൾ ഇന്ന് പുലർച്ചെ പിടിയിലായത്. മഹാ കുംഭമേളയിൽ വലിയൊരു ആക്രമണം നടത്താൻ ഇയാൾ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
അറസ്റ്റിനുശേഷം നടന്ന ചോദ്യം ചെയ്യലിൽ പാകിസ്ഥാനിലെ മൂന്ന് ഐഎസ്‌ഐ ഏജന്റുമാരുമായി തനിക്ക് ബന്ധമുണ്ടെന്ന് ലാസർ പറഞ്ഞു. ആക്രമണം നടത്തിയ ശേഷം ലാസർ പോർച്ചുഗലിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇയാളുടെ ചില കൂട്ടാളികൾ പോർച്ചുഗലിൽ താമസിക്കുന്നതായും വെളിപ്പെടുത്തി.
കൗശാമ്പിയിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഇയാൾ ലഖ്‌നൗവിലും കാൺപൂരിലും ഒളിവിൽ കഴിയുകയായിരുന്നു. മഹാ കുംഭമേളയ്‌ക്ക് മുമ്പ് രാജ്യത്തും വിദേശത്തുമുള്ള ചില തീവ്രവാദ സംഘങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ഉത്തർപ്രദേശ് പോലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
യുപി എസ്ടിഎഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കൗശാമ്പി ജില്ലയിലെ കൊഖ്രാജ് പ്രദേശത്ത് നിന്നാണ് ലാസർ മാസിഹിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ഡിറ്റണേറ്ററുകൾ, ഒരു വിദേശ പിസ്റ്റൾ , 13 വിദേശ നിർമ്മിത വെടിയുണ്ടകൾ എന്നിവ ഭീകരനിൽ നിന്ന് എസ്ടിഎഫ് കണ്ടെടുത്തു. മഹാ കുംഭമേളയുടെ സമയത്ത് എല്ലാ മുക്കിലും മൂലയിലും യുപി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതിനാൽ, ഒരു വലിയ ആക്രമണം നടത്താനുള്ള ലാസറിന്റെ ഉദ്ദേശ്യം വിജയിക്കാൻ കഴിഞ്ഞില്ല.
അതേ സമയം ഇയാൾക്ക് പഞ്ചാബിലും മയക്കുമരുന്ന് കള്ളക്കടത്ത് അടക്കം നിരവധി കേസുകളുണ്ട്. ഈ സാഹചര്യത്തിൽ ഇയാൾ യുപിയിലേക്ക് കടന്നിട്ടുള്ളതായി പഞ്ചാബ് പോലീസും യുപി പോലീസിന് വിവരങ്ങൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും കൂടിയായിരുന്നു സംയുക്ത ഓപ്പറേഷൻ നടത്തിയത്.
ഇയാൾ പഞ്ചാബിലെ അമൃത്‌സറിലെ രാംദാസ് പ്രദേശത്തെ കുർലിയാൻ ഗ്രാമത്തിൽ താമസിക്കുന്നയാളാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post