ബെംഗളൂരു: ധീരയായ സ്വാതന്ത്ര്യ സമര സേനാനി ഉള്ളാൽ മഹാറാണി അബ്ബക്ക മികച്ച ഭരണാധികാരിയും, അജയ്യയായ രാജ്യതന്ത്രജ്ഞയുമായിരുന്നുവെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയിൽ പ്രസ്താവന. മഹാറാണിയുടെ അഞ്ഞൂറാമത് ജയന്തി വർഷം പ്രമാണിച്ചാണ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രസ്താവന നടത്തിയത്.
പ്രസ്താവന ഇങ്ങനെ:
തീരദേശമേഖലയായ ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാൽ പ്രവിശ്യയിലെ മഹാറാണിയായിരുന്ന അബ്ബക്കയുടെ 500-ാം ജന്മവാർഷികത്തിൽആർഎസ്‌എസ് ആ അജയ്യമായ പാരമ്പര്യത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും അജയ്യമായ സൈനിക ശക്തികളിൽ ഒന്നായി കണക്കാക്കിയിരുന്ന പോർച്ചുഗീസ് ആക്രമണകാരികളെ അബ്ബക്ക ആവർത്തിച്ച് പരാജയപ്പെടുത്തി, അതുവഴി രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ചു. കേരളത്തിലെ സാമൂതിരി രാജാവുമായുള്ള നയതന്ത്ര ബന്ധവും തന്ത്രപരമായ സഖ്യങ്ങളും ഈ മുന്നേറ്റത്തിന് അബ്ബക്കയെ പ്രാപ്തയാക്കി. ധീരവും, നിർഭയവുമായ നേതൃത്വശേഷി ചരിത്രത്താളുകളിൽ അബ്ബക്കയ്ക്ക് “അഭയറാണി” എന്ന വിശേഷണം നേടിക്കൊടുത്തു.
നിരവധി ശിവക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് പ്രേരണയായി മാറിയ മഹാറാണി അബ്ബക്ക എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഭാരതീയ പാരമ്പര്യത്തെ മാതൃകയാക്കി. തൻ്റെ ഭരണകാലത്ത്, എല്ലാ മതവിഭാഗങ്ങളെയും തുല്യ ബഹുമാനത്തോടെ പരിഗണിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സമഗ്രമായ വികസനം വളർത്തിയെടുത്തു. യക്ഷഗാനം, നാടൻ പാട്ടുകൾ, പരമ്പരാഗത നൃത്തങ്ങൾ എന്നിവയിലൂടെ അബ്ബക്കയുടെ പ്രചോദനാത്മകമായ കഥകൾ സജീവമായി നിലനിർത്തുന്ന കർണാടകയിൽ സർവാദരവിൻ്റെയും ഐക്യത്തിന്റെയും ഈ പാരമ്പര്യം ഇന്നും പ്രതിധ്വനിക്കുന്നു.

മഹാറാണിയുടെ അതുല്യമായ ധീരത, രാഷ്ട്രത്തോടും ധർമ്മത്തോടുമുള്ള സമർപ്പണം, ഭരണ നിപുണത എന്നിവ മാനിച്ച്, 2003-ൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഭാരത സർക്കാർ അബ്ബക്കയുടെ സ്മരണയെ ആദരിച്ചു. നാവികപ്പടയെ നയിച്ച ധീര സ്മൃതിയിൽ 2009-ൽ ഒരു പട്രോളിങ് കപ്പലിന് അബ്ബക്കയുടെ പേരു നല്കി.
മഹാറാണി അബ്ബക്കയുടെ ജീവിതം മുഴുവൻ രാജ്യത്തിനും ആഴമേറിയ പ്രചോദനമാണ്. മഹാറാണിയുടെ 500-ാം ജന്മ വാർഷികത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ആ മാതൃകാ വ്യക്തിത്വത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും മഹത്തായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാഷ്ട്രനിർമ്മാണത്തിന്റെ തുടർച്ചയായ ദൗത്യത്തിൽ സജീവമായി സംഭാവന നൽകാൻ മുഴുവൻ സമൂഹത്തോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
Discussion about this post