ന്യൂദല്‍ഹി: ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി പഞ്ചഗുസ്തി താരം ജോബി മാത്യുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മന്‍ കി ബാത്തില്‍ ഖേലോ ഇന്ത്യ പാരാ ഗെയിംസില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങളെയും അഭിനന്ദിക്കുന്നതിനിടെയാണ് ജോബി മാത്യുവിനെ പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചത്. ജോബി മാത്യു തനിക്ക് എഴുതിയ കത്ത് വായിച്ച പ്രധാനമന്ത്രി എല്ലാ ദിവ്യാംഗ സുഹൃത്തുക്കളുടെയും ശ്രമങ്ങള്‍ വലിയ പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.
‘മെഡല്‍ നേടുന്നത് വളരെ സവിശേഷമാണ്, പക്ഷേ ഞങ്ങളുടെ പോരാട്ടം വേദിയില്‍ നില്‍ക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ഞങ്ങള്‍ എല്ലാ ദിവസവും പോരാടുന്നുണ്ട്. ജീവിതം നമ്മെ പലതരത്തില്‍ പരീക്ഷിക്കുന്നു, വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ നമ്മുടെ പോരാട്ടം മനസ്സിലാകൂ. ഇതൊക്കെയാണെങ്കിലും, ഞങ്ങള്‍ ധൈര്യത്തോടെ മുന്നോട്ട് പോകുന്നു. ഞങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു. ഞങ്ങള്‍ ആരെക്കാളും മോശക്കാരല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നും ജോബി മാത്യു എഴുതിയ കത്തില്‍ പറയുന്നു.
ജോബി മാത്യു, താങ്കള്‍ നന്നായി എഴുതി, അതിശയകരമാംവിധം എഴുതി, ഈ കത്തിന് ജോബി മാത്യുവിന് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post