ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയ, പാര്‍ലമെന്റിന്റെ സംയുക്തസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമാണ്.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. പഴയ നിയമത്തിലെ 40-ാം വകുപ്പ് നീക്കി. ഏതെങ്കിലും സ്വത്ത് ഏകപക്ഷീയമായി വഖഫായി, വഖഫ് ബോര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് തടയാനാണിത്. മുഴുവന്‍ ഗ്രാമവും വഖഫായി പ്രഖ്യാപിക്കുന്നതുപോലുള്ള ദുരുപയോഗം ഒഴിവാക്കാന്‍ ഇത്‌സഹായിക്കും. വഖഫ് ബോര്‍ഡുകളുടെ ഏകപക്ഷീയവും അനിയന്ത്രിതവുമായ അധികാരം ഇത് നീക്കും.
2. ഏതെങ്കിലും നിയമപ്രകാരം മുസ്‌ലിംങ്ങള്‍ രൂപീകരിച്ച ട്രസ്റ്റുകള്‍ ഇനി വഖഫല്ല.
3. രജിസ്‌ട്രേഷന്‍, ഓഡിറ്റുകള്‍, സംഭാവനകള്‍, എന്നിവയടക്കമുള്ള വഖഫ് സ്വത്ത് കേന്ദ്രീകൃത പോര്‍ട്ടല്‍ വഴി കൈകാര്യം ചെയ്യും.
4. വര്‍ഷം ഒരു ലക്ഷം രൂപയിലേറെ വരുമാനമുള്ള വഖഫ് സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഓഡിറ്റര്‍മാരുടെ ഓഡിറ്റിന് വിധേയമാകണം.
5. അഞ്ച് വര്‍ഷം മുസ്ലീമായി ജീവിച്ചവര്‍ക്ക് മാത്രമേ സ്വത്ത് വഖഫിന് സമര്‍പ്പിക്കാനാവൂ.
6. തര്‍ക്കമില്ലാത്തതോ സര്‍ക്കാര്‍ ഭൂമിയായി തിരിച്ചറിയാത്തതോ ആയ, രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ വഖഫായി തുടരും.
7. വഖഫ് സമര്‍പ്പണത്തിന് മുന്‍പ് സ്ത്രീകള്‍ക്ക് അര്‍ഹമായ അവകാശം നല്‍ക്കണം. വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, അനാഥര്‍ എന്നിവര്‍ക്കും വിഹിതം നല്‍കണം.
8. വഖഫ് സ്വത്ത് നോക്കിനടത്തുന്ന മുത്തവല്ലികള്‍ ആറ് മാസത്തിനകം സ്വത്ത് വിശദാംശങ്ങള്‍ കേന്ദ്രപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
9. വഖഫായി അവകാശപ്പെടുന്ന സ്വത്ത് ജില്ലാ കളക്ടര്‍ റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് അനാവശ്യ അവകാശവാദങ്ങള്‍ തടയും.
കളക്ടമാര്‍ വഖഫ് സ്വത്ത് നിശ്ചയിക്കും
1995ലെ നിയമപ്രകാരം ഒരു സ്വത്ത് വഖഫ് സ്വത്താണോയെന്ന് നിശ്ചയിക്കാനുള്ള അധികാരം വഖഫ് ബോര്‍ഡിനായിരുന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ഈ വ്യവസ്ഥ നീക്കം ചെയ്തു.
പഴയ നിയമപ്രകാരം സര്‍വേ കമ്മീഷണര്‍മാരും അഡീ.കമ്മീഷണര്‍മാരുമാണ് വഖഫ് സര്‍വേ നടത്തിയിരുന്നത്. പുതിയ നിയമത്തില്‍ സര്‍വേ നടത്താന്‍ ജില്ലാകളക്ടര്‍ മാര്‍ക്കാണ് അധികാരം.
കൗണ്‍സിലില്‍ അമുസ്ലിങ്ങളും
പഴയനിയമപ്രകാരം കേന്ദ്ര വഖഫ് കൗണ്‍സിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളും മുസ്ലീംങ്ങളായിരിക്കണം. പുതിയ നിയമപ്രകാരം കേന്ദ്ര വഖഫ് കൗണ്‍സിലില്‍ രണ്ട് അമുസ്ലീംങ്ങളും ഉള്‍പ്പെടും. എംപിമാര്‍, മുന്‍ ജഡ്ജിമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ മുസ്ലീമായിരിക്കണമെന്നില്ല. അതേസമയം മുസ്ലീം സംഘടന പ്രതിനിധികള്‍, മുസ്ലീം നിയമ പണ്ഡിതര്‍, വഖഫ് ബോര്‍ഡുകളുടെ അധ്യക്ഷന്മാര്‍ എന്നിവര്‍ മുസ്ലീംങ്ങ ളായിരിക്കണം. മുസ്ലീം അംഗങ്ങളില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കണം.ഷിയ, സുന്നി, പിന്നോക്ക വിഭാഗങ്ങളായ ബോറ, അഗാഖാനി എന്നിവയില്‍നിന്നുള്ള ഓരോ അംഗങ്ങള്‍ വേണം.
പുതിയ ട്രൈബ്യൂണല്‍ പരമാധികാരിയല്ല; അപ്പീല്‍ നല്‍കാം
ജഡ്ജിയുടെ നേതൃത്വത്തില്‍ അഡീ. ജില്ലാ മജിസ്‌ട്രേറ്റും മുസ്ലീം നിയമവിദഗ്‌ദ്ധനും ഉള്‍പ്പെടുന്നതായിരുന്നു പഴയ ട്രൈബ്യൂണല്‍. ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ അന്തിമമായിരുന്നു. ട്രൈബ്യൂണല്‍ തീരുമാനങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുന്നത് നിരോധിച്ചിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരുന്നു ഹൈക്കോടതി ഇടപെടല്‍.
എന്നാല്‍ പുതിയ നിയമത്തില്‍ മുസ്ലീം നിയമവിദഗ്ധനെ നീക്കം ചെയ്തു. ജില്ലാ ജഡ്ജി (ചെയര്‍മാന്‍), ജോയിന്റ് സെക്രട്ടറി (സംസ്ഥാന സര്‍ക്കാര്‍) എന്നിവരാണ് ട്രൈബ്യൂണലില്‍ ഉള്‍പ്പെടുന്നത്. മാത്രമല്ല വഖഫ് സ്വത്തായി പ്രഖ്യാപിച്ചതില്‍ തര്‍ക്കമുണ്ടെങ്കില്‍ 90 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.
ഓഡിറ്റിങ്ങിന് സിഎജി
പഴയ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വഖഫ് അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാമായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം സിഎജി അല്ലെങ്കില്‍ നിയുക്ത ഉദ്യോഗസ്ഥന്‍ കണക്കുകള്‍ഓഡിറ്റ് ചെയ്യണം.വഖഫ് രജിസ്‌ട്രേഷന്‍, അക്കൗണ്ടുകള്‍, ഓഡിറ്റുകള്‍ എന്നിവയില്‍ നിയമനിര്‍മാണത്തിന് കേന്ദ്രത്തിനേ അധികാരമുള്ളൂ.
സംയുക്ത സമിതിക്ക് ലഭിച്ചത് 97,27,772 നിര്‍ദ്ദേശങ്ങള്‍
ന്യൂദല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പരിശോധിച്ച പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് ലഭിച്ചത് 97,27,772 നിര്‍ദ്ദേശങ്ങള്‍. നേരിട്ടും ഡിജിറ്റലായും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഇതില്‍പ്പെടുന്നു. സമിതി 36 സിറ്റിങ്ങുകള്‍ നടത്തി.
Discussion about this post