ന്യൂദൽഹി : വിദേശത്ത് പഠിക്കുന്ന ഭാരതീയ വിദ്യാർത്ഥികൾ രാജ്യത്തിന്റെ മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും അംബാസഡർമാരാണെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനിൽ ഭാരതീയ വിദ്യാർഥികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് മൈലുകൾ അകലെ താമസിക്കുന്നുണ്ടെങ്കിലും ഈ വിദ്യാർത്ഥികൾ ഭാരതീയ മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയവരും ആതിഥേയ രാജ്യങ്ങളിൽ അവ പ്രചരിപ്പിക്കുന്നുണ്ടെന്നും സമർഖണ്ഡ് മെഡിക്കൽ സർവകലാശാലയിലെ ഭാരതീയ വിദ്യാർത്ഥികളുമായുള്ള സംവാദത്തിൽ അദ്ദേഹം പറഞ്ഞു. അറിവും കഴിവുകളും വർദ്ധിപ്പിക്കുക മാത്രമല്ല ജീവിതത്തിൽ സമർപ്പണം, അനുകമ്പ തുടങ്ങിയ മൂല്യങ്ങൾ സ്വീകരിക്കാനും ബിർള വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
കൂടാതെ ലോകത്തിന്റെ എല്ലാ കോണുകളിലും താമസിക്കുന്ന ഭാരതീയരുടെ ക്ഷേമത്തിൽ ഭാരതം വളരെയധികം ശ്രദ്ധിക്കുന്നുണ്ടെന്ന് സ്പീക്കർ പറഞ്ഞു. അതേ സമയം 150-ാമത് ഇന്റർ പാർലമെന്ററി യൂണിയൻ അസംബ്ലി (ഐപിയു) യ്‌ക്കുള്ള ഭാരത പാർലമെന്ററി പ്രതിനിധി സംഘത്തെ നയിക്കുന്ന ബിർള നാല് ദിവസത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിലാണ്.
താഷ്‌കന്റിൽ നടന്ന ഇന്റർ-പാർലമെന്ററി യൂണിയൻ അസംബ്ലിയുടെ ഭാഗമായി ബിർള ജോർജിയ പാർലമെന്റ് ചെയർമാൻ ഷാൽവ പാപുഷ്‌വിലിയുമായി കുടിക്കാഴ്ച നടത്തി. ഭാരതീയ സമൂഹത്തിന് ജോർജിയ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു. ഭാരതവും ജോർജിയയും ആഴത്തിലുള്ള ഒരു സാംസ്കാരിക ബന്ധം പങ്കിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post