ലഖിംപൂര്‍ ഖേരി(ഉത്തര്‍പ്രദേശ്): രാഷ്ട്രത്തോടുള്ള കടമ നിറവേറ്റലാവണം പൗരന്റെ പ്രാഥമികധര്‍മ്മമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഞാന്‍, എന്റെ കുടുംബം, എന്റെ രാഷ്ട്രം എന്നീ മൂന്ന് ഘടകങ്ങള്‍ക്ക് വേണ്ടിയുള്ള ഏത് പ്രവര്‍ത്തനവും മമതാഭാവത്തോടെയാവും. അതിന്റെ അടിസ്ഥാനം ആത്മീയതയാണ്. ഓരോ ഭാരതീയനും അത്തരത്തിലുള്ള ജീവിതമാണ് ഉണ്ടാകേണ്ടത്, അദ്ദേഹം പറഞ്ഞു. ഗോല കബീര്‍ധാം മുസ്തഫബാദ് ആശ്രമത്തില്‍ സംഘടിപ്പിച്ച സത്സംഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു സര്‍സംഘചാലക്.
രാജ്യത്തിന്റെ ജീവിതാന്തരീക്ഷത്തില്‍ നമ്മള്‍ സന്തോഷമുള്ളവരാകണം. പല ഭാഷകള്‍, പല സംസ്ഥാനങ്ങള്‍, പല ദേവീദേവതകള്‍ തുടങ്ങി ആരാധനാരീതികളും ഭക്ഷണരീതികളും ആചാരങ്ങളുമെല്ലാം വ്യത്യസ്തമാണ്. ആവശ്യങ്ങളും പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. എങ്കിലും നമ്മള്‍ ഒന്നാണ്, ഒരു സമൂഹമാണ്, ഒരു രാഷ്ട്രമാണ്. ഒരേ പൂര്‍വികരുടെ പിന്‍മുറക്കാരാണ് നമ്മള്‍. ഭാരതം നമുക്ക് അമ്മയാണ്. നമ്മള്‍ സഹോദരരാണ്. അതുകൊണ്ടുതന്നെ നമ്മുടെ പെരുമാറ്റത്തില്‍ ഭാരതാംബയോടുള്ള ഭക്തി മുന്നില്‍ നില്‍ക്കണം. എല്ലാ മഹത്തുക്കളും ഈ സംസ്‌കൃതിയെ സംരക്ഷിക്കാനാണ് പരിശ്രമിച്ചത്, മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മുടെ സാമൂഹികജീവിത സംസ്‌കൃതി നിലനില്‍ക്കുന്നത് കുടുംബത്തിന്റെ അടിസ്ഥാനത്തിലാണ്. കുടുംബമൂല്യങ്ങളെ നമ്മള്‍ സംരക്ഷിക്കണം. നല്‍കുന്നവളാണ് അമ്മ. പശുവും നദിയുമൊക്കെ നമുക്ക് അമ്മയാണ്. കൃതജ്ഞതയുടെ ഈ വികാരം രാഷ്ട്രത്തോട് നമുക്കുണ്ടാവണം. ഇതേ സംസ്‌കാരത്തെ പിന്‍തുടരലാണ് അമരത്വത്തിന്റെ മാര്‍ഗം. വ്യക്തിശുദ്ധിയില്‍നിന്ന് വിശ്വശുദ്ധിയിലേക്ക് മുന്നേറാന്‍ നമുക്ക് കഴിയണം, സര്‍സംഘചാലക് പറഞ്ഞു.
ലോകത്ത് ശാസ്ത്രത്തിന്റെ മുന്നേറ്റത്തില്‍ വികസനം ഉണ്ടായി, എന്നാല്‍ അതുപോലെ പരിസ്ഥിതിയുടെ വിനാശത്തിനും അത് കാരണമായി. എന്നാല്‍ ഭാരതത്തിന്റെ വികസനപാതയില്‍ നമുക്ക് കാര്യമായ കോട്ടങ്ങളുണ്ടായിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചത് മാത്രമാണ് നമുക്ക് സംഭവിച്ച പിഴവ്. ഭാരതത്തിന് തനതായ എല്ലാ അറിവുകളും ഉണ്ടെന്ന് വിദേശ രാജ്യങ്ങള്‍ക്കും അറിയാം. നമ്മുടെ പൂര്‍വികര്‍ ചെറുവള്ളങ്ങളില്‍ ലോകസഞ്ചാരം നടത്തിയവരാണ്. അവര്‍ ഭാരതീയ സംസ്‌കൃതിയുടെ പ്രചാരം നടത്തി. എല്ലാറ്റിനെയും ബഹുമാനിച്ചുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ അത് നടത്തിയത്.സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും പാതയില്‍ യുവാക്കള്‍ മുന്നേറണം. കേവലഭക്തിയല്ല, സാമൂഹികബോധത്തിന്റെ ആഹ്വാനമാണ് സന്ത് കബീര്‍ നല്കിയത്. അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഇന്നത്തെ സമൂഹത്തിന് ദിശാബോധം നല്‍കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന് അറിവിന്റെ പാഠം പകര്‍ന്നത് ഭാരതമാണ്. എന്നാല്‍ നമ്മള്‍ ഒന്നിനും പേറ്റന്റ് എടുത്തിട്ടില്ല. ഈ മനോഭാവമാണ് നമ്മളെ ഭാരതീയരാക്കുന്നത്, സ്നേഹം പങ്കിടുക എന്നതാണ് ഭാരതം നല്കുന്ന സന്ദേശം. പ്രപഞ്ചം ഉണ്ടായതു മുതല്‍ മനുഷ്യന്‍ ആനന്ദം തേടുകയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ സന്തോഷം ഇന്ദ്രിയസുഖത്തിലല്ല, ആത്മാശാന്തിയിലാണ്. ഉപഭോഗമല്ല, ലോകക്ഷേമവും സേവനവും സാമൂഹിക പ്രതിബദ്ധതയുമാകണം ജീവിതത്തിന്റെ ലക്ഷ്യം. വിജ്ഞാനം, ശാസ്ത്രം, ധര്‍മ്മം, ആത്മീയത തുടങ്ങിയ ഘടകങ്ങള്‍ ലോകത്തിന് ഭാരതത്തിന്റെ വരദാനമാണ്. നമ്മുടെ നാട് ഒരിക്കല്‍ കൂടി വിശ്വഗുരു എന്ന നിലയില്‍ അംഗീകരിക്കപ്പെടേണ്ട സമയമാണിത്. ഭാരതീയ സംസ്‌കൃതിയെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് യഥാര്‍ത്ഥ വഴികാട്ടികള്‍. അവര്‍ ഏത് വിഭാഗമായാലും സമുദായമായാലും എല്ലാവരേയും ഒപ്പം കൊണ്ടുപോകേണ്ടതുണ്ട്. നമ്മുടെ ആരാധന സത്യത്തിലേക്ക് നയിക്കുന്ന തരത്തിലായിരിക്കണം. മനസ്സില്‍ എല്ലാവരോടും ഭക്തി തോന്നണം, സര്‍സംഘചാലക് പറഞ്ഞു.
നിസ്വാര്‍ത്ഥമായ ജീവിതം നയിക്കുക എന്നതാണ് രണ്ടാമത്തെ ഉത്തരവാദിത്തം. ആസ്വാദനത്തിനും സ്വാര്‍ത്ഥതയ്ക്കും വേണ്ടിയുള്ള ഓട്ടമത്സരം ഇല്ലാത്തതാകണം ജീവിതം. രാജ്യത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് നമ്മുടെ മൂന്നാമത്തെ കടമ. പാവപ്പെട്ട എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണം എന്നത് നമ്മുടെ കരുതലാകണം. സമൂഹത്തിലെ എല്ലാ ഭിന്നതകളും ഇല്ലാതാക്കുക എന്നതാണ് നാലാമത്തെ കടമ. എല്ലാ സ്വാര്‍ത്ഥതയും ഉപേക്ഷിച്ച് കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും ഐക്യത്തിന്റെ നൂലില്‍ ബന്ധിപ്പിച്ച് എല്ലാവരിലേക്കും സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.കബീര്‍ധാം മുസ്തഫാബാദിലെ പുതിയ ആശ്രമത്തിന്റെ ഭൂമി പൂജയും സര്‍സംഘചാലക് നിര്‍വഹിച്ചു. കബീര്‍ധാം അധിപതി പൂജ്യശ്രീ അസംഗ് ദേവ് ജി മഹാരാജ് പരിപാടിയില്‍ പങ്കെടുത്തു.



Discussion about this post