ജയ്പൂര്‍: അറുപതിനായിരം സ്ത്രീകളുടെ സൈന്യമാണ് അഹല്യ ബായ് ഹോള്‍ക്കറുടെ മാള്‍വയെ സംരക്ഷിച്ചിരുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷി. ജീവിതമാസകലം പുണ്യം നിറഞ്ഞതായതിനാലാണ് ലോകമാതാ അഹല്യദേവി പുണ്യശ്ലോകയായി തീര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകമാതാ അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭയ്യാജി.
രാജ്യഭാരം കൈയാളിയ ദേവിയായിരുന്നു അഹല്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നര്‍മ്മദയിലെ ജലം പോലെ ശുദ്ധവും സുതാര്യവുമായിരുന്നു ആ ജീവിതവും പെരുമാറ്റവും. ശിവഭക്തയായിരുന്ന അഹല്യ തലസ്ഥാനമായി മഹേശ്വര്‍ സ്വീകരിച്ചു. അവിടെ സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിനായി തുണിവ്യവസായത്തിന് തുടക്കമിട്ടു. മഹേശ്വര്‍ സാരികള്‍ ഇന്നും പ്രശസ്തമാണ്. ഭരിച്ചത് മാള്‍വയിലാണെങ്കിലും അഹല്യയുടെ കാഴ്ചപ്പാട് ദേശീയമായിരുന്നു. രാജ്യമെമ്പാടും ക്ഷേത്രങ്ങള്‍ നവീകരിച്ചു, ഘാട്ടുകള്‍ നിര്‍മ്മിച്ചു, അന്ന സത്രങ്ങള്‍ ആരംഭിച്ചുവെന്ന് ഭയ്യാജി പറഞ്ഞു.
ദേവി അഹല്യ തെളിയിച്ച ദീപത്തിന്റെ പ്രകാശം നമുക്ക് മുന്നോട്ട് കൊണ്ടുപോകണം. ആ വിളക്കില്‍ നിന്ന് കൂടുതല്‍ വിളക്കുകള്‍ നമ്മള്‍ ഒരുമിച്ച് കൊളുത്തണം, അദ്ദേഹം പറഞ്ഞു.
വിശ്വമംഗല്യ സഭയും രാജസ്ഥാന്‍ സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ രാജസ്ഥാന്‍ നിയമസഭാ സ്പീക്കര്‍ വാസുദേവ് ദേവ്‌നാനി, ഉപമുഖ്യമന്ത്രി ദിയാ കുമാരി, എംപി മനോജ് തിവാരി, വിശ്വമംഗല്യ സഭ ദേശീയ സഹസംഘാടന സെക്രട്ടറി പൂജ ദേശ്മുഖ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി അഹല്യദേവിയുടെ ജീവിതത്തെ ആസ്പദമാക്കി രാഷ്ട്ര സമര്‍ത്ഥ അഹല്യദേവി കി പുണ്യഗാഥ എന്ന നാടകവും അരങ്ങേറി.



Discussion about this post