ലഖ്നൗ : പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ പ്രധാനമാണ് സേവനം ചെയ്യുന്ന കരങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതം സേവനത്തിന്റെ നാടാണ്. ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ സിറ്റി മോണ്ടിസോറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശ്രീഗുരു ഗോരഖ്‌നാഥ് സ്വാസ്ഥ്യ സേവാ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളോട് നമ്മള്‍ നന്ദിയുള്ളവരാകണം. അവരിലേക്ക് സേവനമെത്തണം. അപ്പോഴാണ് മാനവസേവ മാധവസേവ എന്ന മന്ത്രം സാര്‍ത്ഥകമാകുന്നത്. വിദൂര ഗോത്രവര്‍ഗമേഖലയില്‍ സേവനമെത്തിക്കുന്നതിന് 2019ല്‍ ആരംഭിച്ച ഗോരഖ്‌നാഥ് സ്വാസ്ഥ്യ സേവാ യാത്രയില്‍ നിരവധി ഡോക്ടര്‍മാര്‍ പങ്കാളികളാണ്. സാമൂഹിക സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ഭരണസംവിധാനത്തിന്റെയും കൂട്ടായ പരിശ്രമം മൂലം ഗുണഭോക്താക്കളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നു. നാഷണല്‍ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍(എന്‍എംഒ) ഡോക്ടര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് മറാത്ത്വാഡ ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയെക്കുറിച്ച് വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സേവനത്തിന് വിവേചനത്തിന്റെ മതിലുകളില്ല. കൊവിഡ് കാലത്ത് രാജ്യം അത് അനുഭവിച്ചു. സമൂഹത്തിലാകെ സേവനത്തിന്റെ ഭാവം വര്‍ധിച്ചു. പരസ്പരം ഭക്ഷണവും പാര്‍പ്പിടവും നല്‍കി. അക്കാലത്ത് പല രാജ്യങ്ങളിലും ഭക്ഷണത്തിന് വേണ്ടി കലാപങ്ങള്‍ നടന്നപ്പോള്‍ ഭാരതം സേവനത്തിന്റെ വലിയ വാതായനം തുറന്നു. പ്രയാഗ്രാജിലെ മഹാ കുംഭമേളയില്‍ നേത്ര കുംഭയിലൂടെ സക്ഷമ മുന്നോട്ടുവച്ചതും സേവനത്തിന്റെ ദര്‍ശനമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
2017ന് മുമ്പ് ഗോത്രവര്‍ഗ ജനതയ്ക്ക് റേഷന്‍ കാര്‍ഡും യാത്രാസൗകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് പരിപാടിയില്‍ സംസാരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തരു, മുസാഹര്‍, കോള്‍, ഗോണ്ട് തുടങ്ങി എല്ലാ ഗോത്രവര്‍ഗക്കാര്‍ക്കും എല്ലാ സൗകര്യങ്ങളും ലഭിച്ചുതുടങ്ങി. നേരത്തെ മിഷനറിമാരും ഇടതുപക്ഷക്കാരും വനവാസി സമൂഹത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെയും നേപ്പാളിന്റെയും അതിര്‍ത്തിമേഖലയിലുള്ള ഗോത്രവര്‍ഗ ഗ്രാമങ്ങളിലേക്കാണ് സ്വാസ്ഥ്യസേവാ യാത്ര പോകുന്നത്. സമൂഹത്തെ ഒന്നിപ്പിക്കുക എന്നത് അതിന്റെ ലക്ഷ്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post