ന്യൂദല്‍ഹി: ഭാരതത്തിനെതിരായി പാകിസ്ഥാന് സഹായം നല്‍കാന്‍ ധിക്കാരം കാട്ടിയ തുര്‍ക്കിയെ സാമ്പത്തികമായി ഉപരോധിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. നാറ്റോ അംഗമെന്ന നിലയില്‍ സ്വയം മതേതര റിപ്പബ്ലിക്കെന്ന് പ്രഖ്യാപിക്കുന്ന രാജ്യമാണ് തുര്‍ക്കി. എന്നാല്‍ അവര്‍ ഭാരതത്തിന്റെ പരമാധികാരത്തെ എതിര്‍ക്കുന്ന തീവ്ര ഇസ്ലാമിക ഭരണകൂടങ്ങളുമായും സൈനിക സ്ഥാപനങ്ങളുമായും കൂടുതല്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് എസ്‌ജെഎം ദേശീയ സഹസംയോജകന് ഡോ. അശ്വനി മഹാജന്‍ പറഞ്ഞു.
1.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ തുര്‍ക്കി പാകിസ്ഥാന് യുദ്ധക്കപ്പലുകള്‍ കൈമാറി. ലിബിയ, സിറിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഉപയോഗിച്ച സായുധ ഡ്രോണുകള്‍ തുര്‍ക്കി കമ്പനിയായ ബെയ്കറാണ് പാകിസ്ഥാന് കൈമാറിയതെന്ന് അശ്വനി മഹാജന്‍ ചൂണ്ടിക്കാട്ടി.
350 മില്യണ്‍ ഡോളറിന്റെ കരാറിന് കീഴില്‍ തുര്‍ക്കിയാണ് പാകിസ്ഥാന്റെ അഗോസ്റ്റ 90 ബി അന്തര്‍വാഹിനികളെ നവീകരിക്കുന്നത്. അവരുടെ പ്രതിരോധ ഇലക്ട്രോണിക്‌സ് കമ്പനിയായ ഹാവല്‍സാന്റെ സഹായത്തോടെ പാകിസ്ഥാനില്‍ ഒരു ഇലക്ട്രോണിക് യുദ്ധ പരീക്ഷണ ശ്രേണി സ്ഥാപിച്ചു. ഭാരതത്തിനെതിരായ അവിശുദ്ധ സഖ്യമാണിത്. ഈ സഹകരണം വാണിജ്യപരമല്ല; പത്യയശാസ്ത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തെ തുര്‍ക്കി ഇന്നേവരെ അപലപിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ തുര്‍ക്കിക്ക് ഭാരതം നല്‍കിയ ഉദാരമായ മാനുഷിക സഹായം അവര്‍ മറന്നുപോയിരിക്കുന്നു. 2023 ഫെബ്രുവരിയില്‍ തുര്‍ക്കിയിലുണ്ടായ വിനാശകരമായ ഭൂകമ്പ സമയത്ത്, ഓപ്പറേഷന്‍ ദോസ്ത് ആരംഭിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഭാരതം. 100 ടണ്ണിലധികം ദുരിതാശ്വാസ വസ്തുക്കളാണ് നമ്മള്‍ അവര്‍ക്ക് നല്കിയത്.
ജി20, യുഎന്‍ പോലുള്ള ബഹുമുഖ വേദികളില്‍, ഊര്‍ജ്ജ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ വിശാലമായ പശ്ചിമേഷ്യന്‍ അയല്‍പക്കത്തിന്റെ ഭാഗമായി തുര്‍ക്കിയുമായുള്ള സമഗ്ര ഇടപെടലിനെ നമ്മള്‍ പിന്തുണച്ചിട്ടുണ്ട്. തുര്‍ക്കിയുടെ ടൂറിസം വരുമാനത്തില്‍ ഭാരതം ഗണ്യമായ സംഭാവന നല്‍കുന്നു. 2024-25 ല്‍ മാത്രം ഏകദേശം നാല് ലക്ഷം ഭാരതീയര്‍ തുര്‍ക്കി സന്ദര്‍ശിച്ചു. എന്നിട്ടും വഞ്ചനാത്മകമായ നിലപാടാണ് അവര്‍ ഭാരതത്തോട് സ്വീകരിച്ചത്.
ഇത്തരക്കാര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കുകയും മാര്‍ബിള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ പ്രധാന തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുകയും വേണം. പാകിസ്ഥാനിലേക്കുള്ള പ്രതിരോധ വിതരണം നിര്‍ത്തുന്നത് വരെ തുര്‍ക്കിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണം. ടൂറിസം പ്രമോഷന്‍ സഹകരണം പിന്‍വലിക്കുകയും നയതന്ത്ര ഇടപെടലുകള്‍ പുനരവലോകനം ചെയ്യുകയും വേണം. ‘രാഷ്ട്രം ആദ്യം’ എന്ന തത്വം നമ്മുടെ വ്യാപാര, നിക്ഷേപ, നയതന്ത്ര ബന്ധങ്ങളെ നയിക്കണമെന്ന് അശ്വനി മഹാജന്‍ ആവശ്യപ്പെട്ടു.
Discussion about this post